കേരളത്തിന്റെ രാഷ്ട്രീയ പോരാട്ട കാലഘട്ടത്തിന്റെ ഒരു നൂറ്റാണ്ടിനെ രണ്ടക്ഷരങ്ങളില്‍ സംഗ്രഹിച്ചാല്‍ അത് ഇങ്ങനെയാണ്-വി.എസ്. കേരളത്തിന്റെ വിപ്ലവ നക്ഷത്രത്തിന് ഇന്ന് നൂറ്റി ഒന്നാം പിറന്നാള്‍.വേലിക്കകത്ത് ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍.
1923 ഒക്ടോബര്‍ 20-ന് പുന്നപ്രയില്‍ ജനനം. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വിദ്യാഭ്യാസത്തിന് വിരാമം. തയ്യല്‍ തൊഴില്‍ ജീവിത വൃത്തിയാക്കിയപ്പോഴും പോരാട്ടം ജീവിതലക്ഷ്യമാക്കിയ കമ്യൂണിസ്റ്റുകാരന്‍.വിപ്ലവ ഭൂമിയില്‍ വാരിക്കുന്തം തീര്‍ത്ത സമരം. കയര്‍ തൊഴിലാളയുടേയും മത്സ്യത്തൊഴിലാളിയുടേയും കര്‍ഷകന്റേയും വിയര്‍പ്പിന് വിലവെക്കാത്ത കോട്ടക്കൊത്തളങ്ങളോട് കലഹിച്ച് തുടങ്ങിയ തുടക്കം.ഒടുവില്‍ അധികാരത്തണലിലും ഒടുങ്ങാത്ത സമരാവേശം.
മതികെട്ടാന്‍ അടക്കം ഉദാഹരണങ്ങളില്‍ ചിലതുമാത്രം. മര്‍ദനത്തില്‍ കാലുകളില്‍ ബയനറ്റ് തീര്‍ത്ത മുറിവിലും ജനകീയ പ്രശ്നങ്ങളെ ഹൃദയത്തിലേറ്റിയ ചരിതത്തിലും വി.എസിനേളം മറ്റൊരു നേതാവുണ്ടോ എന്ന് നാം സംശയിച്ചു. 1965 ല്‍ അമ്പലപ്പുഴയില്‍ തോല്‍വിയോടെ പാര്‍ലമെന്ററി ജീവിതത്തിന് തുടക്കം. 96-ല്‍ മാരാരിക്കുളത്ത് 1965 വോട്ടുകള്‍ക്ക് വീണ്ടും തോല്‍വി. 2016 ല്‍ 20,000-ത്തിലധികം വോട്ടുകള്‍ക്ക് മലമ്പുഴയില്‍ ജയം. ഇതിനിടയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അങ്ങനെ...അങ്ങനെ...
1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇഎംഎസിനൊപ്പം ഇറങ്ങിവന്ന 34 പേരില്‍ ജീവിച്ചിരിക്കുന്ന ഏക മനുഷ്യനാണ് ഇന്ന് 101-ന്റെ നിറവില്‍ ഊര്‍ജസ്ഫുരണമായി നിലനില്‍ക്കുന്നത്. വേലിയിറക്കങ്ങളും വേലിയേറ്റങ്ങളും അനുകൂലവും പ്രതികൂലവുമായ രാഷ്ട്രീയ കാലാവസ്ഥകളും. സംഭവബഹുലമാണ് ആ ജീവിതം. പൈങ്കിളി രാഷ്ട്രീയത്തിന് ചെവി കൊടുക്കാത്ത കമ്യൂണിസ്റ്റെങ്കിലും വി.എസ് എത്രമേല്‍ പ്രിയമുള്ളതാണെന്ന് അറിയാന്‍ ഈ ഒരൊറ്റ വാചകം മതിയാകും.