Share this Article
News Malayalam 24x7
മുംബൈ ഭീകരാക്രമണത്തിന് ഇന്നേയ്ക്ക് 15 വയസ്സ്
Today marks 15 years since the Mumbai terror attacks

മുംബൈ നഗരത്തെയും രാജ്യത്തെയും ഒരുപോലെ നടുക്കിയ ഭീകരാക്രമണത്തിന് ഇന്നേയ്ക്ക് 15 വയസ്സ്. 2008 നവംബര്‍ 26 ന് തുടങ്ങിയ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. നവംബര്‍ 29 ന് ഇന്ത്യന്‍ ആര്‍മി ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചു പിടിക്കുകയായിരുന്നു.

2008ല്‍ ഇതേ ദിവസമായിരുന്നു കടല്‍ മാര്‍ഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്.നവംബര്‍ 26 എന്ന് ചരിത്രതാളുകളില്‍ കുറിക്കപ്പെട്ട മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളടക്കം ഏകദേശം 166 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു. 31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു. അതിഥികളും ആതിഥേയരും ഇതില്‍ ഉള്‍പ്പെടുന്നു. 15 വര്‍ഷം കഴിഞ്ഞ് 115 വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്.

മുഹമ്മദ് അജ്മല്‍ അമീര്‍ കസബ് എന്ന അജ്മല്‍ കസബിനെ ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരാണ്. മുംബൈ ഭീകരാക്രണ പരമ്പരയ്ക്കു ശേഷം ജീവനോടെ പിടിയിലായ ഏക വ്യക്തിയാണ് കസബ്. കസബ് ഒരു പാകിസ്ഥാന്‍ പൗരനാണെന്ന കാര്യം പാകിസ്ഥാന്‍ ആദ്യം നിഷേധിച്ചെങ്കിലും 2009 ജനുവരിയില്‍ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.2010 മേയ് 3 ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേക കോടതി കസബ് കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ ചുമത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2010 മേയ് 6 ന് ഇതേ കോടതി നാല് കുറ്റങ്ങള്‍ക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങള്‍ക്ക് ജീവപര്യന്തം എന്ന രീതിയില്‍ ശിക്ഷ പ്രഖ്യാപിച്ചു. 2011 ഫെബ്രുവരി 21 ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. 2012 നവംബര്‍ 21 ന് രാവിലെ 7.30 ന് അജ്മല്‍ കസബിനെ പുനെയിലെ യെര്‍വാദ ജയിലില്‍ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി.        


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories