Share this Article
പ്രിയ കവി കുഞ്ഞുണ്ണി മാഷിന്റെ ജന്മദിന വാര്‍ഷികം ഇന്ന്

കവിതയുടെ സാമ്പ്രദായിക രചനാ രീതിയിലും ഘടനയിലും അസാധാരണമായ ആത്മവിശ്വാസത്തോടെ പൊളിച്ചെഴുതുകയും തനിക്കിണങ്ങുന്ന നവീന മാതൃകയിലേക്ക് പുതുക്കി പണിയുകയും ചെയ്തിരുന്ന കവിയാണ് കുഞ്ഞുണ്ണി മാഷ്.ലളിതമായ ഭാഷയും നർമ്മം കലർന്ന പ്രയോഗവുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.മലയാളത്തിന്റെ പ്രിയ കവി കുഞ്ഞുണ്ണി മാഷിന്റെ ജന്മദിനമാണിന്ന്...

എനിക്കുണ്ടൊരു ലോകം

നിനക്കുണ്ടൊരു ലോകം

നമുക്കില്ലൊരു ലോകം..'

 ഇന്നത്തെ ജീവിതങ്ങളെ വെറും മൂന്നുവരികളിൽ ഒതുക്കിവെച്ച, മലയാളത്തിലെ ആദ്യത്തെ ആധുനിക കവികളിൽ ഒരാൾ.കുഞ്ഞുണ്ണിമാഷിന്റെ കുറുംകവിതകളെ പലരും സാമ്യപ്പെടുത്തിയത് ജാപ്പനീസ് ഭാഷയിലെ ഹൈക്കു എന്നുവിളിക്കുന്ന ഈരടികളോടാണ്. 

തൃശൂർ വലപ്പാട് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10-ന് ജനനം. തന്റെ പതിനൊന്നാമത്തെ വയസ്സിൽ, ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ തന്നെ  കവിതകളെഴുതിത്തുടങ്ങി. 

മലയാളം അധ്യാപകനായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. ചേളാരി, രാമനാട്ടുകര, മീഞ്ചന്ത രാമകൃഷ്ണമിഷൻ തുടങ്ങി പല സ്‌കൂളുകളിലും അധ്യാപനം തുടർന്നു. 1951 -ൽ  ഇരുപത്തിനാലാം വയസ്സിൽ കുഞ്ഞുണ്ണിമാഷിന്റെ ആദ്യത്തെ പുസ്തകം, കുട്ടിക്കവിതകളുടെ ഒരു സമാഹാരം, " കുട്ടികൾ പാടുന്നു.." എന്ന പേരിൽ പുറത്തിറങ്ങി. അതിനെ ഒരു 'സ്വയംകൃതാനർത്ഥ'മെന്നാണ് മാഷ് വിശേഷിപ്പിച്ചിട്ടുള്ളത്. 

സ്വന്തം ചെലവിൽ തന്നെയായിരുന്നു അച്ചടിപ്പിച്ചതും വിറ്റതും ഒക്കെ എന്നു സാരം. 'ഓണപ്പാട്ടുകൾ' എന്ന പേരിൽ പുറത്തിറങ്ങിയ ആ പുസ്തകം നാടോടിപ്പാട്ടുകളുടെ ഒരു കൊച്ചു സമാഹാരമായിരുന്നു. പിന്നെയും നിരവധി പുസ്തകങ്ങൾ, ഏറെക്കുറെ അതേ ഗണത്തിൽപ്പെട്ടവ, അതേ പ്രസിദ്ധീകരണശാല മുഖാന്തിരം പുറത്തുവന്നുകൊണ്ടിരുന്നു.

കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്.  എഴുപതുകളുടെ മധ്യത്തോടെ ഒരു ബാലസാഹിത്യകാരനെന്ന പേരിൽ  കുഞ്ഞുണ്ണിമാഷ് മലയാളത്തിലെ കുട്ടികൾക്കൊക്കെയും പ്രിയങ്കരനായിത്തീർന്നിരുന്നു.

വളരെ ലളിതമായ വാക്കുകളിൽ എഴുതപ്പെട്ടിരുന്ന കുഞ്ഞുണ്ണി മാഷുടെ കവിതകളിൽ അദ്ദേഹം പടർത്തി നിർത്താൻ ശ്രമിച്ചിരുന്നത് മനുഷ്യജീവിതത്തിന്റെ സംഘർഷങ്ങൾ തന്നെയായിരുന്നു.

"കപടലോകത്തിലാത്മാർത്ഥമായൊരു 

ഹൃദയമുണ്ടായതാണെൻ പരാജയം " - എന്ന് ചങ്ങമ്പുഴ ബാഷ്പാഞ്ജലിയിൽ എഴുതിയപ്പോൾ, 

"കപട ലോകത്തിലെന്നുടെ കാപട്യം 

സകലരും കാണ്മതാണെൻ പരാജയം" - എന്നായിരുന്നു കുഞ്ഞുണ്ണിമാഷ് അതിനെ സമീപിച്ചത്,"ഒരു വളപ്പൊട്ടുണ്ടെൻ കയ്യിൽ 

ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ 

വിരസ നിമിഷങ്ങൾ സരസമാക്കുവാ- 

നിവ ധാരാളമാണെനിക്കെന്നും." - എന്നാണ് മലയാളിയോട് കുഞ്ഞുണ്ണി മാസ്റ്റർ പറഞ്ഞത്.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article