തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്ര പ്രസാദമായ ലഡുവില്‍ കുടുങ്ങിക്കിടക്കുകയാണ് ആന്ധ്ര രാഷ്ട്രീയം. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ലഡു നിര്‍മ്മിക്കാനായി ഉപയോഗിച്ച നെയ്യില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തെന്ന ലാബ് റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍.
വാര്‍ത്തകളില്‍ നിറഞ്ഞ തിരുപ്പതി ലഡുവിന്റെ കഥ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ശ്രീവാരി ലഡ്ഡു എന്നും അറിയപ്പെടുന്ന തിരുപ്പതി ലഡ്ഡു 300 വര്‍ഷമായി ക്ഷേത്രത്തിലെ പ്രധാന നൈവേദ്യമാണ്.
1715ലാണ് ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിച്ചു തുടങ്ങിയതെന്നാണ് കണക്കുകള്‍. കല്യാണം അയ്യങ്കാരാണ് പ്രശസ്തമായ തിരുപ്പതി ലഡ്ഡുവിന്റെ രസക്കൂട്ടിന് പിന്നില്‍.
ആസ്ഥാനം ലഡു, കല്യാണോസ്തവം ലഡു, പ്രോക്തം ലഡു എന്നിങ്ങനെ മൂന്ന് തരം ലഡ്ഡുകളാണ് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്.
ആഘോഷവേളകളില്‍ തയ്യാറാക്കുന്ന ആസ്ഥാന ലഡ്ഡു രാഷ്ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ക്കുള്ളതാണ്.
നൂതനസാങ്കേതികവിദ്യകളുടെ സഹായം കൂടിയായപ്പോള്‍ ഈ രസക്കൂട്ട് 15 ദിവസത്തോളം കേടുകൂടാതിരിക്കും. 2014ല്‍ ഭൗമസൂചിക പദവി കൂടി നേടിയ തിരുപ്പതിയെന്നാല്‍ വെങ്കിടാചലമൂര്‍ത്തിക്കൊപ്പം ലഡ്ഡുവെന്നുകൂടി ഓര്‍ക്കും വിശ്വാസികളും മധുരപ്രിയരും.
മൂന്ന് ലക്ഷം ലഡ്ഡുവാണ് പ്രതിദിനം തിരുമല ദേവസ്ഥാനം അടുക്കളയില്‍ നിര്‍മിക്കുന്നത്. 1400 കിലോ നെയ്യാണ് ഇതിനായി ആവശ്യം.കശുവണ്ടി, ഉണക്കമുന്തിരി,ഏലക്ക,കടലമാവ്,പഞ്ചസാര എന്നിവയാണ് ലഡ്ഡുവിന്റെ മറ്റ് നിര്‍മാണവസ്തുക്കള്‍.
ഇ ലേലം വഴിയാണ് തിരുപ്പതി ദേവസ്ഥാനം ഈ സാമഗ്രികള്‍ വാങ്ങുന്നത്. 2022മുതലാണ് ടെണ്ടര്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്.
നെയ്യ് ടാങ്കറുകള്‍ വരുന്നത് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കാലിബറേഷന്‍ ലബോറട്ടറിയുടെ സര്‍ട്ടിഫിക്കേഷനോടെയാണ്.
ഈ നെയ്യടക്കമുള്ള ലഡ്ഡു നിര്‍മാണവസ്തുക്കള്‍ രണ്ടേക്കറോളം പരന്നുകിടക്കുന്ന തിരുപ്പതിയിലെ അലിപ്പിരിയെന്ന പ്ലാന്റില്‍ സൂക്ഷിച്ചുവയ്ക്കും.
ഒരു വര്‍ഷത്തേക്ക് 6100 ടണ്‍ നെയ്യ്, 14 ടണ്‍ പഞ്ചസാര, 9200 ടണ്‍ കടലമാവ്, 4680 ടണ്‍ പരിപ്പ് അടക്കം ഇവിടെ സംഭരിക്കും. ആന്ധ്രപ്രദേശ് ടെക്‌നോളജിക്കല്‍ സെര്‍വീസില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്‍സികള്‍ക്ക് മാത്രമാണ് ഇ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയൂ.
അഗ്മാര്‍ക്ക്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ലേലത്തില്‍ പങ്കെടുക്കാനാകു.
തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എആര്‍ ഡയറി ഫുഡിന്റെ 10 ടാങ്കര്‍ നെയ്യില്‍ 4 ടാങ്കര്‍ നെയ്യ് മായം കലര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് സാമ്പിള്‍ പരിശോധന നടത്തിയിരുന്നു.
എല്ലാ ഭക്ഷ്യസുരക്ഷ പരിശോധനയും നടത്തിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. തിരുമലയിലേക്ക് വേണ്ട ആകെ നെയ്യുടെ 0.01 ശതമാനം മാത്രമാണ് വിതരണം ചെയ്യുന്നതെന്നാണ് എആര്‍ ഡയറി പറയുന്നത്.
ആന്ധ്ര മുഖ്യമന്ത്രി കെ.ചന്ദ്രബാബു ഉന്നയിച്ച ആരോപണങ്ങളെ തിരുപ്പതി ദേവസ്ഥാനവും ശരിവച്ചിട്ടുണ്ട്. ദേവസ്ഥാനം അടുക്കളയില്‍ പരിശോധനാ ലാബില്ലാത്തതാണ് നെയ് വിതരണക്കാര്‍ ദുരപയോഗം ചെയ്തതെന്നാണ് ദേവസ്ഥാനം അധികൃതരുടെ വാദം.
ഭരണഘടന അനുച്ഛേദം 25 ആയ മതസ്വാതന്ത്രത്തിനുള്ള അവകാശം ലംഘിച്ചെന്ന് കാട്ടി തിരുപ്പതി ലഡ്ഡു സുപ്രീംകോടതിയിലും എത്തിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും സമ്പന്നനായ ദൈവമായ തിരുപ്പതി വെങ്കടാചലമൂര്‍ത്തിക്ക് ബോളിവുഡ് മുതല്‍ എല്ലാ ശ്രേണിയിലും ഭക്തരുണ്ട്. ഭക്തിയും വിശ്വാസവും രാഷ്ട്രീയവും കലര്‍ന്നതോടെ തിരുപ്പതി ലഡ്ഡുവില്‍ മായം കലര്‍ന്നതിന് രാഷ്ട്രീയ മാനം കൈവന്നു.
മൃഗക്കൊഴുപ്പ് ചേര്‍ന്ന നെയ്യാണെന്നത് ശാസ്ത്രീയ പരിശോധനഫലം ശരിവച്ചു കഴിഞ്ഞു. ലഡ്ഡുവിന്റെ പരിശുദ്ധിക്ക് കോട്ടമില്ലെന്നും ദേവസ്ഥാനം വ്യക്തമാക്കിയെങ്കിലും പഴയ നെയ്യില്‍ രാഷ്ട്രീയ വിവാദം പുകയുകയാണ്.