കോട്ടയത്തിന് ഇന്ന് 75 വയസ്സ്.കരിമീനിന്റെയും, കായലുകളുടെയും, ഹൈറേഞ്ചിന്റെയും ഈ നാട് വികസനപാതയിലും ഇന്നൊരുപാട് മുന്നേറിയിരിക്കുന്നു.
തിരു കൊച്ചി സംയോജന സമയത്ത് മുന്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ റവന്യൂ ഡിവിഷനുകളെ ജില്ലകളായി പുനര്‍നാമകരണം ചെയ്യുകയുണ്ടായി. അതിന്റെ ഭാഗമായാണ് 1949 ജൂലൈ 1 ന് കോട്ടയം ജില്ല രൂപീകൃതമാകുന്നത്.
12 ആംനൂറ്റാണ്ടുമുതൽ കേരളത്തിലെ പ്രബലശക്തിയായിരുന്ന തെക്കുംകൂര്‍ രാജവംശത്തിന്റെ ഭരണതലസ്ഥാനമായതു കൊണ്ടു തന്നെ തെക്കുംകൂര്‍ കൊട്ടാരവും തളിയില്‍ കോട്ടയുമെല്ലാം സ്ഥിതി ചെയ്തിരുന്നത് കോട്ടയത്തായിരുന്നു. ഇതില്‍ നിന്നും വന്ന കോട്ടയ്ക്കകം എന്ന വാക്ക് ലോപിച്ചാണ് കോട്ടയം ആയത്. ആധുനിക കേരള ചരിത്രത്തിലും കോട്ടയത്തിന് വലിയ സ്ഥാനമുണ്ട്.
രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് നിലമൊരുക്കിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചതും, തൊട്ടുകൂടായ്മയ്ക്കും അറുതി വരുത്തിയ വൈക്കം സത്യാഗ്രഹത്തിനു മണ്ണായതും കോട്ടയമാണ്. കേരളത്തിന്റെ രാഷ്ട്രീയ - നവോത്ഥാന ചരിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല കോട്ടയത്തിന്റെ പെരുമ.
ലാന്‍ഡ് ഓഫ് ത്രീ എല്‍സ് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. ലാന്‍ഡ് ഓഫ് ലെറ്റേഴ്‌സ്, ലാറ്റക്‌സ് ആന്‍ഡ് ലേയ്ക്ക്‌സ്. അക്ഷരങ്ങളുടെയും തടാകങ്ങളുടെയും റബ്ബറിന്റെയും നാട്. അച്ചടി മാധ്യമങ്ങളുെട രംഗത്തിന് കോട്ടയം നല്‍കിയ സംഭാവനകളും ആദ്യകാല വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളും കോട്ടയത്തെ അക്ഷര നഗരിയാക്കി.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ നഗരം കോട്ടയമാണ്. 1989ല്‍ തന്നെ ഈ അവിസ്മരണീയ ലക്ഷ്യം സാക്ഷാത്ക്കരിച്ചു. ഇന്ന് 75 വയസ് തികയുമ്പോഴും കോട്ടയത്തിന്റെ നേട്ടങ്ങള്‍ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. മനോഹരമായ കായലും തീരവും കോടയിറങ്ങുന്ന ഹൈറേഞ്ചും ഒത്തിണങ്ങി കോട്ടയത്തിനിന്നും ചെറുപ്പം തന്നെയാണ്.