ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയ കർണ്ണാടകയിൽ ബി.ജെ.പിയെ നിലംപരിശാക്കി 2023ൽ അധികാരം തിരിച്ച് പിടിച്ച കോൺഗ്രസിന്, മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ ഉയർന്ന മൂഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണം തലവേദനയായി മാറുകയാണ്
ആരാണ് സിദ്ധരാമയ്യ?
കന്നഡ രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത നേതാവ് ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിദ്ധരാമയ്യ.40 വർഷത്തെ പൊതു പ്രവർത്തന കാലത്ത് കർണ്ണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദം അലങ്കരിച്ച ഏറ്റവും ജനകീയനായ നേതാവ്.ജനതദൾ (എസ്) ലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ സിദ്ധരാമയ്യ പിന്നീട് കോൺഗ്രസിൽ എത്തുകയായിരുന്നു.
ദളിത് പിന്നോക്ക ന്യൂനപക്ഷ സമുദായങ്ങൾ ഉൾപ്പെടുന്ന അഹിന്ദ വിഭാഗത്തിൻ്റെ സമുന്നത നേതാവാണ് സിദ്ധരാമയ്യ.2023ലെ നിയമസരഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം ലഭിച്ച കർണ്ണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും ഒരേ പോലെ മത്സരിച്ചപ്പോൾ പാർട്ടിയുടെ ഭൂരിപക്ഷം എം.എൽ.എമാരും പിന്തുണച്ചത് സിദ്ധരാമയ്യയെ ആയിരുന്നു. സാധാരണക്കാർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവ് കൂടിയാണ് സിദ്ധരാമയ്യ.
എന്താണ് മൂഡ ഇടപാട് ?
മൈസൂരു വികസന അതോറിറ്റി അഥവ മൂഡ സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതിക്ക് മൈസൂരു നഗരത്തിൻ്റെ ഹൃദയഭാഗത്ത് 14 പാർപ്പിടപ്ലോട്ടുകൾ അനുവദിച്ച് നൽകി. ഇത് മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ ഇടപെടലിലൂടെയാണെന്നാണ് പരാതി. ഭാര്യയുടെ ഉടമസ്ഥതയിലുള്ള മുന്നേക്കറിലധികം വരുന്ന സ്ഥലം മൂഡ ലേ ഔട്ട് നിർമ്മിക്കാൻ ഏറ്റെടുത്തതിന് പകരം നൽകിയതാണ് മൈസൂരു നഗരത്തിലെ ഭൂമി എന്നാണ് സിദ്ധരാമയ്യയുടെ വാദം.സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതിയ്ക്ക് സഹോദരൻ മല്ലികാർജുന സ്വാമി വാങ്ങി നൽകിയ ഭൂമിയാണ് മൈസൂരു വികസന അതോറിറ്റി ലേ ഔട്ട് നിർമ്മിക്കാൻ ഏറ്റെടുത്തത്. കെസരെ ഗ്രാമത്തിലെ ഈ ഭൂമി നേരത്തെ തന്നെ മൂഡ ഏറ്റെടുത്തതാണെന്നാണ് പരാതിക്കാർ പറയുന്നത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം..
അഴിമതി ആരോപണത്തിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ കർണ്ണാടക ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെ സിദ്ധരാമയ്യക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷമായ ബി.ജെ.പിയും ജനതാദൾ എസും. ഒരു കാലത്ത് ജനതദൾ എസ്ൻ്റെ തട്ടകമായിരുന്ന 'മൈസൂരു മേഖലയിൽ പാർട്ടിയുടെ അപ്രമാധിത്വം ഇല്ലാതാക്കി കോൺഗ്രസ് ശക്തിയാർജിച്ചത് സിദ്ധരാമയ്യയുടെ കരുത്തിലാണ്.തങ്ങളെ ക്ഷീണിപ്പിച്ച സിദ്ധരാമയ്യയെ അടിക്കാൻ ലഭിച്ച അവസരം ജനതാദൾ മുതലാക്കുന്നുണ്ട്.സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ ഗവർണ്ണർ താവ'.ർചന്ദ് ഗഹ്ലോത്ത് ഉത്തരവിട്ടത് ചോദ്യം ചെയ്ത് സിദ്ധരാമയ്യ നൽകിയ ഹർജി തള്ളിയ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.സിദ്ധരാമയ്യ ,ഭാര്യ പാർവ്വതി, ഭാര്യ സഹോദരൻ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് ലോകായുക്ത കേസെടുത്തത്. കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റം ചുമത്തി ഇ.ഡിയും കേസെടുത്തു.
അവസരം മുതലെടുക്കാൻ ഡി.കെ.ശിവകുമാർ..
കന്നഡ മണ്ണിലെ കോൺഗ്രസിൻ്റെപവർഹൗസാണ് ഡി.കെ.ശിവകുമാർ. മസിൽ പവർ മണി പവർ രാഷ്ട്രീയത്തിലൂടെ കന്നഡ മണ്ണിൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിച്ച നേതാവ്. എന്നാൽ ജനപിന്തുണയിൽ സിദ്ധരാമയ്യയ്ക്ക് ഒപ്പം എത്താൻ കഴിയില്ല എന്നതാണ് സത്യം.
സംസ്ഥാനത്ത് കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഡി.കെ ഉന്നയിച്ചപ്പോൾ ഭൂരിഭാഗം എം.എൽ.എമാർ പിന്തുണച്ചത് സിദ്ധരാമയ്യയെ ആയിരുന്നു. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ തുടർന്ന് ഡി.കെ.ശിവകുമാർ എന്ന ഫോർമുലയാണ് അന്ന് എ.ഐ.സി.സി നേതൃത്വം നിർദ്ദേശിച്ചത്.എന്നാൽ സിദ്ധരാമയ്യയ്ക്കെതിരെ അഴിമതി അരോപണം ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഡി.കെ.കളികൾ ആരംഭിച്ചു.
പുറത്ത് മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡി.കെ.ശിവകുമാർ രംഗത്തുണ്ടെങ്കിലും അവസരം മുതലാക്കാൻ ഡി.കെ.ക്യാമ്പ് രംഗത്തുണ്ട്. എ.ഐ.സി.സി മുഖ്യമന്ത്രിയെ മാറ്റാൻ തീരുമാനിച്ചാൽ ആദ്യ പരിഗണന ഡി.കെ.ശിവകുമാറിന് തന്നെയാണ്. എന്നാൽ ദളിത് വിഭാഗക്കാരാനായ സിദ്ധരാമയ്യയെ മാറ്റിയാൽ ദളിത് വോട്ടുകൾ അകലുമോ എന്ന ഭയം കോൺഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്.ഇത് മുന്നിൽ കണ്ട് ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാക്കളായ ആഭ്യന്തര മന്ത്രി ജി.പരമേശ്വര, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവരും മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് രംഗത്തുണ്ട്.
പന്ത് എ.ഐ.സി.സി കോർട്ടിൽ.
കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം ബി.ജെ.പി ദേശീയ തലത്തിൽ പ്രചാരണായുധമാക്കുമ്പോൾ എ.ഐ.സി.സി എന്ത് തീരുമാനെമെടുക്കും എന്നാണ് ഇനി -അറിയാനുള്ളത്.ദേശീയ നേതൃത്വത്തിൻ്റെ വിശ്വസ്തനായ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമോ മറ്റൊരാൾ മുഖ്യമന്ത്രി സ്ഥാനത്തെത്തുമോ, അതോ സിദ്ധരാമയ്യ സ്ഥാനത്ത് തുടരുമോ? എ.ഐ.സി.സി പ്രസിഡണ്ട് മല്ലാകാർജ്ജുൻ ഖാർഖെയുടെ സംസ്ഥാനത്ത് എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയാം...