ഇന്ന് ലോക ഓട്ടിസം ദിനമാണ് . മാനസികമായ വെല്ലുവിളികളെക്കുറിച്ച് സുരക്ഷിതമായി സംസാരിക്കാനാവുന്ന ഒരന്തരീക്ഷം നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും രൂപപ്പെട്ടില്ല. അത്തരം സുരക്ഷിത ഇടങ്ങള്‍ രുപപ്പെടുത്തിയെടുക്കുകയാണ് ലോക ഓട്ടിസ ദിനം പോലുള്ള ദിനാചരണങ്ങളുടെ ലക്ഷ്യം.
മറ്റു നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പോലെ തന്നെ ഓട്ടിസവും ഒരു രോഗമല്ല, മാനസികാവസ്ഥയിലുള്ള വ്യതിയാനമാണ്. സാമൂഹിക പരവും , ആശയവിനിമയ പരവും , ചില സന്ദര്‍ഭങ്ങളില്‍ വ്യക്തിത്വ വികാസവുമായും ബന്ധപ്പെട്ടും ഉണ്ടാവുന്ന വ്യത്യാസങ്ങളാണ് ഓട്ടിസം എന്ന അവസ്ഥ.
ഓട്ടിസം ബാധിച്ചവരെ മാറ്റിനിര്‍ത്തുന്ന സമീപനം പോലെത്തന്നെ മാറ്റേണ്ടതാണ് സഹതാപത്തോടെ കാണുന്ന സമീപനവും. മറ്റുള്ളവരുടെ സഹായവും ദയയും ആശ്രിതത്വവും വേണ്ടവരാണ് അവര്‍ എന്ന പൊതുചിന്തയ്ക്ക് മാറ്റം വരേണ്ടതുണ്ട്. കൂട്ടത്തിലൊരാളായി കാണാനും കൂട്ടുകാരായി ചേര്‍ത്തുനിര്‍ത്താനും സാധിക്കുന്ന സഹാനുഭൂതിയാണ് നാം ഉണ്ടാക്കിയെടുക്കേണ്ടത്.
സമൂഹത്തിലെ മറ്റാരേയും പോലെ ദൈനംദിന കൃത്യങ്ങള്‍ നിര്‍വഹിക്കാനും, ആളുകളുമായി ഇടപഴകാനും കൃത്യമായ പരീശീലനത്തിലൂടെ ഓട്ടിസം ബാധിതര്‍ക്കും സാധിക്കും. നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയര്‍ തെറാപ്പികള്‍, കുടുംബത്തിന്റെ പിന്തുണ എന്നിവയുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനമാണ് അതിലേക്കുള്ള വഴി. ഓരോ വര്‍ഷവും വ്യത്യസ്ത പ്രമേയങ്ങളുമായി ഓട്ടിസം ദിനാചരണം നടത്തുന്നതിന്റെ കാതലായ ലക്ഷ്യവും ഓട്ടിസം ബാധിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്.