ഇന്ന് ലോക മാതൃദിനം.അമ്മമാരുടെ സ്നേഹത്തിനും ത്യാഗത്തിനും അഭിനന്ദനവും നന്ദിയും പ്രകടിപ്പിക്കുക എന്നതാണ് മാതൃദിനത്തിലൂടെ ഉദ്ദേശിക്കുന്നത്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് എല്ലാ വര്‍ഷവും മാതൃദിനം ആഘോഷിക്കുന്നത്.
അക്ഷരക്കൂട്ടുകളാല്‍ നിര്‍വചനം നല്‍കാന്‍ കഴിയുമോ അമ്മയ്ക്ക്? മക്കള്‍ക്കായി പ്രാണന്‍ പകുത്ത പ്രാണനിലെന്നും അവരെ പേറുന്ന പകരം വയ്ക്കാനാകാത്ത വാത്സല്യ തണലല്ലേ അമ്മ. ഒരു ദിനത്തിന്റെ ഘടികാര വട്ടത്തിലേക്ക് ചുരുക്കാനാകില്ല അമ്മയെ. എന്നാല്‍ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ ഒരു ദിവസമെങ്കിലും മാതൃഹൃദയത്തിന്റെ മിടിപ്പുകളിലേക്ക് ചേര്‍ത്തു വെയ്ക്കാം എന്നത് മറ്റൊരു വശം.
അമ്മ ഇല്ലാതാകുന്ന കാലം നമ്മളില്ലാതാകുന്ന പോലൊരു ശൂന്യതയാണ് അവശേഷിപ്പിക്കുക. ഒറ്റപ്പെട്ടൊരിരുട്ടില്‍ നിലാവെളിച്ചം പോലെ തുരുത്താണ് അമ്മ. അമ്മരുചി, അമ്മയുടെ മണം അങ്ങനെ അമ്മ അടയാളപ്പെടുത്താത്തതായൊന്നും നമ്മില്‍ അവശേഷിക്കുന്നുമില്ലെന്നത് യാഥാര്‍ത്ഥ്യം. എത്രവളര്‍ന്നാലും അമ്മയ്ക്കരികില്‍ വീണ്ടും കുട്ടിയാകാമെന്നത് മറ്റൊരു ഇന്ദ്രജാലം.
അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തകയായ അന്ന ജാര്‍വിസാണ് ആധുനിക മാതൃദിനം ആഘോഷിക്കുന്നതിന് തുടക്കമിട്ടത്. 1905ല്‍ സ്വന്തം അമ്മയുടെ മരണശേഷം അമ്മമാരെ ആദരിക്കുന്നതിനായി ഒരു ദേശീയ അവധി ദിനം വേണമെന്നാവശ്യപ്പെട്ട് അവര്‍ പ്രചാരണം നടത്തിത്തുടങ്ങി.
വ്യക്തികള്‍ക്ക് അവരുടെ അമ്മമാരോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കാന്‍ ഒരു ദിവസം വേണമെന്നായിരുന്നു അന്ന ജാര്‍വിസിന്റെ വാദം. അങ്ങനെ 1914ല്‍ എല്ലാ മെയ് മാസത്തിലെയും രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കണമെന്നുള്ള പ്രഖ്യാപനത്തില്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ ഒപ്പുവച്ചു. അതിനുശേഷമാണ് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ മാതൃദിനം ആഘോഷിച്ചുതുടങ്ങിയത്.