Share this Article
News Malayalam 24x7
ഇന്ന് മഴക്കാടുകള്‍ക്കായുള്ള ദിനം
Today is Rainforest Day

ഇന്ന് മഴക്കാടുകള്‍ക്കായുള്ള ഒരു ദിനം. ലോകമെമ്പാടുമുള്ള മഴക്കാടുകളെ സംരക്ഷിക്കേണ്ടതിന്റെയും പരിപാലിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.

വര്‍ഷം മുഴുവനും സമൃദ്ധമായ മഴ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ സസ്യജന്തുജാലങ്ങളുടെ ആവാസ സ്ഥലമാണ് മഴക്കാടുകള്‍. ഇവയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുമായാണ് ജൂണ്‍ 22 ന് ലോകമെമ്പാടും മഴക്കാടുകള്‍ക്കായുള്ള ദിനമായി ആചരിക്കുന്നത്.

ഭൂമിയുടെ ആകെ വലുപ്പത്തിന്റെ 6 ശതമാനം മാത്രമാണ് മഴക്കാടുകളുള്ളത്. നിലവില്‍ ലോകമെമ്പാടുമുള്ള മഴക്കാടുകള്‍ വംശനാശ ഭീഷണിയിലാണ്. മരം മുറിക്കല്‍, കൃഷി, ഖനനം എന്നിവയും മഴക്കാടുകള്‍ നശിക്കാന്‍ കാരണമാകുന്നു. കാലാവസ്ഥ വ്യതിയാനം, വനനശീകരണം തുടങ്ങിയ വെല്ലുവിളികളില്‍ നിന്ന് ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

ഒരു മഴക്കാടുകള്‍ നഷ്ടമാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് വലിയൊരു ആവാസ വ്യവസ്ഥ കൂടിയാണ്. കാലാവസ്ഥയെ നിയന്ത്രിക്കുക, അവശ്യമായ വിഭവങ്ങള്‍ വിതരണം ചെയ്യുക എന്നിവയുള്‍പ്പെടെ നിരവധി പാരിസ്ഥിതിക നേട്ടങ്ങളാണ് മഴക്കാടുകള്‍ കൊണ്ടുള്ളത്.

  'നമ്മുടെ മഴക്കാടുകളുടെ സംരക്ഷണത്തില്‍ ലോകത്തെ ശാക്തീകരിക്കുക' എന്നതാണ് 2024 ലെ പ്രമേയം. പരിസ്ഥിതി പ്രേമികളും വിവിധ സംഘടനകളുമെല്ലാം പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ  ബോധവത്കരിക്കുന്നതിനുള്ള ഒരു അവസരമായി കൂടിയാണ് ഈ ദിവസത്തെ കാണുന്നത്.മഴക്കാടുകളെ സംരക്ഷിക്കുന്നതിലൂടെ ഭാവിതലമുറയ്ക്ക് ആരോഗ്യകരമായ ജീവിതം പടുത്തുയര്‍ത്താന്‍ നമുക്കാകട്ടെ..   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories