Share this Article
News Malayalam 24x7
ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍; നീല്‍ ആംസ്ട്രോങ്ങിന്റെ തൊണ്ണൂറ്റിമൂന്നാം ജന്മവാര്‍ഷിക ദിനം ഇന്ന്
Birth Anniversary of Neil Armstrong

ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യനായ നീല്‍ ആംസ്‌ട്രോങ്ങിന്റെ തൊണ്ണൂറ്റിമൂന്നാം ജന്മവാര്‍ഷിക ദിനം ഇന്ന്. 1969 ജൂലായ് 20നാണ് നീല്‍ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്.

ബാല്യകാലത്ത് അമ്പിളിമാമനെ പിടിച്ചുതരണമെന്ന് ആവശ്യപ്പെടാത്ത കുട്ടികള്‍ വിരളമാണ്.അതുപോലെ തന്നെ തന്റെ ബാല്യത്തില്‍ തന്നെ അമ്പിളിമാമനെ വേണമെന്ന് ആഗ്രഹിച്ച കുട്ടിയാണ് നീല്‍ആംസ്‌ട്രോങ്ങ് എന്ന ലോകത്തെ വിസ്മയിപ്പിച്ച മനുഷ്യന്‍.

ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയപ്പോള്‍ ആദ്യമായി അദ്ദേഹം ഉച്ചരിച്ച വാചകം ചരിത്രത്തിലിടം നേടുകയുണ്ടായി.എനിക്ക് ഇതൊരു കാല്‍വെപ്പ്,മനുഷ്യരാശിക്ക് വലിയ കുതിച്ചുചാട്ടവും എന്നായിരുന്നു നീല്‍ആംസ്‌ട്രോങ്ങ് ഉച്ചരിച്ച വാചകം.അത് അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുകയും ചെയ്തു.പിന്നീട് ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

1969 ജൂലായ് 20നാണ് നീല്‍ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്.അപ്പോളോ-11 എന്ന വാഹനമായിരുന്നു അദ്ദേഹത്തിന്റെ പേടകം.ഒരു പാട് നീണ്ട ഒരുക്കങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് നീല്‍ആംസ്‌ട്രോങ്ങ്,എഡ്വിന്‍ ആല്‍ഡ്രിന്‍,മൈക്കല്‍കോളിന്‍സ് എന്നിവര്‍ ഉള്‍പ്പെട്ട അപ്പോളോ-11 യാത്ര തിരിച്ചത്.രണ്ടര ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനരികില്‍ എത്തി.വേഗത കുറച്ച് അപ്പോളോ-11 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു.

കോളിന്‍സ് വാഹനം നിയന്ത്രിച്ച് ചന്ദ്രനെ ചുറ്റിയപ്പോള്‍ ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്നുപേരിട്ട ല്യൂണാര്‍ മൊഡ്യൂളില്‍ കയറി ചന്ദ്രനിലേക്ക് ഇറങ്ങി ചരിത്രം സൃഷ്ടിച്ചു.1969 ജൂലായ് 20 ന് ഈഗിള്‍ ചന്ദ്രനില്‍ ഇറങ്ങി.ആദ്യം പുറത്തിറങ്ങിയത് ആംസ്‌ട്രോങ്ങ് എന്ന സ്‌ട്രോങ് മനുഷ്യനായിരുന്നു.

പിന്നീട് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് അദ്ദേഹം പറന്നുയര്‍ന്നു.ലോകം മുഴുവന്‍ അദ്ദേഹത്തെ ഉറ്റുനോക്കി.ആദ്യ ബഹിരാകാശയാത്ര 1966ല്‍ ജെമിനി-8 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു.1978 ഒക്ടോബര്‍ ഒന്നിന് നീല്‍ആംസ്‌ട്രോങ്ങിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു.

1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹിയോയിലാണ് നീല്‍ആംസ്‌ട്രോങ്ങിന്റെ ജനനം.പതിനാറാമത്തെ വയസിലാണ് നീല്‍ആംസ്‌ട്രോങ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയത്.1962ല്‍ യു എസ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടു.1971ല്‍ നാസയില്‍ നിന്ന് വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിംഗ് അധ്യാപകനായി പ്രവര്‍ത്തിച്ചു.

2012 ഓഗസ്റ്റ് 26ന് 82ആം വയസ്സിലായിരുന്നു നീല്‍ആംസ്‌ട്രോങ്ങിന്റെ അന്ത്യം.ചരിത്രത്തിന്റെ നാഴികക്കല്ലായി മാറിയ നീല്‍ആംസ്‌ട്രോങ്ങിന്റെ ഓര്‍മകള്‍ യുവശാസ്ത്രജ്ഞന്മാര്‍ക്ക് പ്രചോദനമായി മാറുമെന്ന് ഉറപ്പ്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article