ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി നാം ആഘോഷിക്കുന്നത്. ചിങ്ങമാസത്തില്‍ രോഹിണി നക്ഷത്രവും അഷ്ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്ണ ജയന്തി. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, ശ്രീകൃഷ്ണ ജയന്തി, കൃഷ്ണ ജന്മാഷ്ടമി എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടാറുണ്ട്.
ശ്രീകൃഷ്ണ ജയന്തി എന്നാല്‍ ആഘോഷങ്ങളുടെ ദിനമാണ്, നാടെങ്ങും കണ്ണന്മാരും ഗോപികമാരും നിറഞ്ഞാടുന്ന ദിനം. ഉണ്ണിക്കണ്ണന്‍ വെണ്ണ കട്ടുതിന്നുന്ന രംഗം അനുകരിക്കുന്ന കുരുന്നുകളും യശോദമാരെ പോലെ അണിഞ്ഞൊരുങ്ങുന്ന അമ്മമാരെയും ഗോപികമാരെയും ഒക്കെ തെരുവോരങ്ങളില്‍ നമുക്ക് ഇന്ന് കാണാം.
ഇതിനുപുറമെ ശ്രീകൃഷ്ണ ജയന്തിയായ ഇന്ന് കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും നടക്കും.പ്രശസ്തമായ ആറന്മുള അഷ്ടമി രോഹിണി വള്ള സദ്യയും നടക്കും.