വിശ്വപ്രസിദ്ധമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഇന്നേക്ക് 75 വര്‍ഷം തികയുകയാണ്.1948 ല്‍ പാരീസില്‍ വച്ചാണ് മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം നടക്കുന്നത്.എല്ലാ മനുഷ്യര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന ഈ പ്രഖ്യാപനത്തിന്റെ ഓര്‍മ്മപ്പെടുത്തലായാണ് ഡിസംബര്‍ 10 മനുഷ്യവകാശ ദിനമായി ആചരിക്കുന്നത്.
മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്വലമായ അധ്യായങ്ങളിലൊന്നാണ് പതിമൂന്നാം നൂറ്റാണ്ടില്‍ ഒപ്പു വച്ച മാഗ്നാകാര്‍ട്ട. മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളുടെ തുടക്കം മാഗ്നാകാര്‍ട്ടയില്‍ നിന്നാണ്.വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ച ആ പ്രമാണത്തില്‍ തുടങ്ങി , ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണം തുടക്കമിട്ട ബ്ലാക്ക് ലൈവ്‌സ് മാറ്ററിലും ഇന്ന് പലസ്തീനിലെ കൂട്ടക്കുരുതിക്കെതിരായ പ്രതിഷേധങ്ങളിലും എത്തിനില്‍ക്കുന്നു മനുഷ്യാവകാശത്തിനായുള്ള പോരാട്ടങ്ങളുടെ ചരിത്രം.
എല്ലാവര്‍ക്കും സ്വാതന്ത്ര്യം , സമത്വം , നീതി എന്നതാണ് ഈ വര്‍ഷത്തെ മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം.മുന്നോട്ട് കുതിക്കും തോറും ലോകം പുതിയ അസമത്വങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കുമ്പോള്‍ മനുഷ്യാവകാശ പ്രഖ്യാപനം വാഗ്ദാനം ചെയ്യുന്ന അന്തസ്സും സംരക്ഷണവും തുല്യതയും അടക്കമുള്ള അവകാശങ്ങളും ആക്രമണത്തിന് വിധേയമാവുകയാണ്.നീതിക്ക് ശ്വാസം മുട്ടുന്നുവെന്ന് യുദ്ധമുഖങ്ങളില്‍ നിന്നും നിലവിളി ഉയരുമ്പോള്‍ ഈ വര്‍ഷത്തെ മനുഷ്യവകാശ ദിനത്തിന് പ്രസക്തിയേറുകയാണ്. വര്‍ഗ വര്‍ണ്ണ സ്വത്വ വിവേചനങ്ങളില്ലാതെ എല്ലാ മനുഷ്യരുടേതുമായ ലോകമെന്ന പ്രത്യാശയ്ക്ക് കരുത്തേകാന്‍ ഈ ദിനം വിനിയോഗിക്കാം