Share this Article
News Malayalam 24x7
കോടിയേരി ബാലകൃഷ്ണനെന്ന ഇടതുകരുത്ത് മാഞ്ഞിട്ട് ഇന്നേക്ക് 2 വര്‍ഷം
 Kodiyeri Balakrishnan

കോടിയേരി ബാലകൃഷ്ണനെന്ന ഇടതുകരുത്ത് മാഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം.കണ്ണൂരില്‍ നിന്ന് കേരളത്തിന്റെ രാഷ്ട്രീയക്കരുത്തായും സിപിഐഎമ്മിന്റെ അനിഷേധ്യനേതാവായും വളര്‍ന്നത് യാദൃശ്ചികമല്ല. സമരപോരാട്ടങ്ങളുടെ ആ വിപ്ലവമുഖം ഇന്നും ഒളിമങ്ങാതെ കേരളമനസ്സിലുണ്ട്.

പ്രത്യശാസ്ത്ര കാര്‍ക്കശ്യം, പ്രായോഗിക രാഷ്ട്രീയ ചാതുരി, രണ്ടും സമാസമം ഉള്‍ച്ചേര്‍ന്ന രാഷ്്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും പാര്‍ട്ടി നീങ്ങുമ്പോള്‍ കോടിയേരിയുടെ അസാന്നിദ്ധ്യം ഇന്ന്  കൂടുതല്‍ പ്രകടമാവുകയാണ്.

പ്രായോഗിക രാഷ്ടീയത്തിന്റെ മര്‍മമറിഞ്ഞ നേതാവിന്റെ വിടവ് ഇനിയും നികത്താനായിട്ടില്ല. എഡിജിപി ആര്‍ എസ് എസ് കൂടിക്കാഴ്ചയും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും പാര്‍ട്ടിയ്ക്ക് മെയ്വഴക്കത്തോടെ പരിഹരിക്കാന്‍ സാധിക്കാത്തത് കോടിയേരിയുടെ വിടവിന്റെ തെളിവാണ്.

കോടിയേരി ഉണ്ടായിരുന്നെങ്കില്‍ എന്ന് പാര്‍ട്ടി  പ്രവര്‍ത്തകര്‍ ഇന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരിക്കുന്നു. അടിമുടി പാര്‍ട്ടി  അതായിരുന്നു കോടിയേരി. സ്വന്തം മക്കളുടെ കാര്യത്തില്‍ പോലും അദ്ദേഹം വിട്ട് വീഴ്ച  ചെയ്തില്ല. ആരോഗ്യം മോശമാകും വരെ പാര്‍ട്ടിയെ നയിച്ചു.

പാര്‍ട്ടിയിലും സര്‍ക്കാറിലും അധികാരസ്ഥാനങ്ങള്‍ക്ക് പിന്നാലെ പോയില്ല. എല്ലാം അദ്ദേഹത്തെ തേടിയെത്തി. പാര്‍ട്ടി നിരന്തരം പരീക്ഷണം നേരിടുമ്പോള്‍ മറുപടി പറയാനും പ്രതിരോധിക്കാനും കഴിയാതെ നോതൃത്വം പതറുമ്പോള്‍ കോടിയേരിയുടെ അഭാവം ഇന്ന് കൂടുതല്‍ നിഴലിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article