ഹരിയാന പിടിക്കാൻ കോൺഗ്രസ് ഭരണം നിലനിർത്താൻ ബി.ജെ.പി. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചൂടിൽ വെന്തുരുകുന്ന ഹരിയാന...
90 സീറ്റുകളിലേക്ക് ഒക്ടോബർ അഞ്ചിന് ഹരിയാനക്കാർ വിധിയെഴുതും. ഉത്തരേന്ത്യയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ അരയും തലയും മുറുക്കിയുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ പത്ത് വർഷമായി ഭരണത്തിലുള്ള സംസ്ഥാനം നിലനിർത്താൻ ആവനാഴിയിലെ അസ്ത്രങ്ങൾ എല്ലാം പുറത്തെടുത്തിട്ടുണ്ട് ബി.ജെ.പി.
ജാതി മുഖ്യം
ജാതിരാഷ്ട്രീയം നിർണ്ണായകമായ ഹരിയാനയിൽ ജാട്ട് സമുദായത്തിൽ നിന്നുള്ള മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയാണ് കോൺഗ്രസിൻ്റെ പ്രചരണം സംസ്ഥാനത്ത് നയിക്കുന്നത്. 89 സീറ്റുകളിൽ കോൺഗ്രസും ഒരു സീറ്റിൽ സി.പി.ഐ.എമ്മും ജനവിധി തേടുന്നു.
കർഷകരും ഭൂവുടമകളും ആണ് പ്രബല ജാട്ട് വിഭാഗം.വിവിധ പട്ടിക ജാതി സമുദായങ്ങൾ, ബ്രാഹ്മണർ, സെയ്നി, ബിഷ്നോയി, പഞ്ചാബി എന്നിവരാണ് ജാട്ടിതിര വോട്ട് ബാങ്ക്. ജാട്ട് നേതാക്കളെ ചേർത്ത് പിടിച്ചാണ് കോൺഗ്രസ് പോരാട്ടം.
കോൺഗ്രസിലെ പ്രശ്നങ്ങൾ
പാർട്ടിക്കകത്തെ പോരാണ് കോൺഗ്രസിൻ്റെ ഏറ്റവും വലിയ തലവേദന. ജാട്ട് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹുഡയും മകനും ഒരു വശത്തും ദലിത് നേതാവും മുൻ പി.സി.സി അധ്യക്ഷയുമായ കുമാരി ഷെൽജയും തമ്മിൽ ഭിന്നത രൂക്ഷമാണ്. മുതിർന്ന നേതാവ് രൺദീപ് സിംഗ് സുർജേവാലയും ഷെൽജ പക്ഷത്താണ്.
ഷെൽജ വിഭാഗത്തിലെ പ്രമുഖ നേതാക്കൾക്ക് പലർക്കും ഇത്തവണ സീറ്റില്ലാതായതും ഭിന്നത വർധിപ്പിച്ചു. എന്നാൽ എ.ഐ.സി.സി ഇടപെട്ടതോടെ താത്കാലിക വെടിനിർത്തൽ ഉണ്ടായിട്ടുണ്ട്.
ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ എന്നിവരുടെ പാർട്ടി പ്രവേശനം കോൺഗ്രസിന് ഊർജ്ജം പകർന്നിട്ടുണ്ട്. ഭരണവിരുദ്ധ വികാരവും, കർഷക പ്രക്ഷോഭങ്ങളും വോട്ടായി മാറിയാൽ ഇത്തവണ ഭരണം പിടിക്കാം എന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.
ദളിത്- ജാട്ട് വോട്ടുകൾ പെട്ടിയിലാക്കാൻ ചന്ദ്രശേഖർ ആസാദും, ജെ.ജെ.പിയും കൈകോർത്തതും, ബി.എസ്.പി -ഐ.എൻ.എൽ.ഡി സഖ്യവും കോൺഗ്രസിനെ ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ ശക്തമായ ഭരണവിരുദ്ധ വികാരവും, പാളയത്തിലെ പടയും ബി.ജെ.പിക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല.
ബി ജെ പി നേരിടുന്ന വെല്ലുവിളികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പ്രചാരണം ഏകോപിപ്പിക്കുന്നത്.
കർഷക പ്രക്ഷോഭം, അഗ്നിവീർ പ്രതിഷേധം, ഗുസ്തി താരങ്ങളുടെ പോരാട്ടം തുടങ്ങിയവ ബി.ജെ.പിയുടെ അടിത്തറയെ ബാധിച്ചിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം രൂക്ഷമായതോടെ മുതിർന്ന നേതാവ് മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയിരുന്നു.
എന്നാൽ ഇതൊന്നും ഭരണവിരുദ്ധ വികാരം ശമിപ്പിച്ചിട്ടില്ല. കൂടാതെ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഒരു ഡസനോളം നേതാക്കാൾ പാർട്ടി വിടുകയും ചെയ്തു.
കർഷക പ്രക്ഷോഭം രൂക്ഷമായ ഗ്രാമീണ മേഖലകളിൽ ബി.ജെ.പി സ്ഥാനാർത്ഥികളെയും നേതാക്കളെയും പ്രചാരണ വേളകളിൽ കർഷകർ ബഹിഷ്കരിക്കുന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. പാർട്ടിക്കകത്തെ വിമത ശല്യവും ഭീഷണിയായി തുടരുന്നു.
ദില്ലിയുമായി അതിർത്തി പങ്കിടുന്നു ഹരിയാന ഭരണം നഷ്ടമാകുന്നത് ചിന്തിക്കാൻ പോലും ബി.ജെ.പിക്ക് കഴിയില്ല.
ബി ജെ പിയുടെ പ്രതീക്ഷകൾ
കോൺഗ്രസിലെ തമ്മിലടിയും മുഴുവൻ സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന ആം ആദ്മി പാർട്ടി നേടുന്ന വോട്ടുകളും തങ്ങൾക്ക് അനുകൂലമാകുമെന്നും നേരിയ ഭൂരിപക്ഷത്തിന് ഭരണം നിലനിർത്താനാകുമെന്നാണ് ബി.ജെ.പി നേതൃത്വത്തിൻ്റെ കണക്ക് കൂട്ടൽ.കൂടാതെ ആവനാഴിയിലെ അവസാന അസ്ത്രമായ ഹിന്ദുത്വ രാഷ്ട്രീയവും ബി.ജെ.പി പയറ്റുന്നുണ്ട്.
ബി.ജെ.പിയും - കോൺഗ്രസും ആരോപണ പ്രത്യാരോപണങ്ങളുമായി നേർക്ക് നേർ പോരാടുന്ന കർഷക ഹൃദയഭൂമിയിൽ വീണ്ടും താമര വിരിയുമോ ജനം കോൺഗ്രസിൻ്റെ കൈ പിടിയ്ക്കുമോ എന്നറിയാൻ ഒക്ടോബർ 8 വരെ കാത്തിരിക്കാം..