ലോകത്താദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു ഓഗസ്റ്റ് ആറ്. ഇന്ന് ഹിരോഷിമ ദിനം.
ഹിരോഷിമ എന്ന ജപ്പാനിലെ കൊച്ചു നഗരം ലോകചരിത്രത്തില്‍ ഇടംപിടിച്ച ദിനം.നിഷ്‌കളങ്കരായ ജനതയ്ക്ക് മേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത.രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കന്‍ പട്ടാളം ഹിരോഷിമയില്‍ ആദ്യ അണുബോംബ് പ്രയോഗിച്ചത്.ഹിരോഷമിയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയത് രണ്ടാം ലോക മഹായുദ്ധമായിരുന്നു.
രണ്ടാംലോക മഹായുദ്ധ കാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാനമാര്‍ഗ്ഗമായിരുന്നു അണ്വായുധ പ്രയോഗം.1945 ജൂലൈ 25ന് അമേരിക്കന്‍ വ്യോമസേനയുടെ പസഫിക്‌മേഖലാ കമാന്‍ഡര്‍ ജനറലായ കാള്‍ സ്പാര്‍ട്‌സിന് ജപ്പാനിലെ രണ്ട് നഗരങ്ങളില്‍ ആറ്റംബോബ് പ്രയോഗിക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു.
നാല്‍പതിനായിരത്തോളം ജാപ്പനീസ് സൈനികര്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡ് ജനറല്‍ ആര്‍മിയുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന ജപ്പാനിലെ സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമായ ഹിരോഷിമ നഗരത്തെയാണ് ആദ്യം തെരഞ്ഞെടുത്തത്.ജനറല്‍ പോള്‍ ടിബറ്റ്‌സ് പറപ്പിച്ച അമേരിക്കന്‍ വ്യോമസേനയുടെ ബി-29 ബോംബര്‍ വിമാനമായ എനോള ഗേയില്‍ നിന്നാണ് ബോംബ് പ്രയോഗിച്ചത്.ലിറ്റില്‍ ബോയ് എന്നായിരുന്നു ബോംബിന്റെ പേര്.
യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്ത് നിര്‍മിച്ച ഈ ബോംബിന് 12,500 ടണ്‍ ടി എന്‍ ടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു.സൂര്യന് തുല്യം ഉയര്‍ന്ന് പൊങ്ങിയ തീജ്വാലകള്‍ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി.പര്‍വതസമാനമായ പുക കൂണ്‍ ആകൃതിയില്‍ നാല്‍പ്പതിനായിരം അടി ഉയരത്തില്‍ വരെ ഉയര്‍ന്നുപൊങ്ങി.ആയിരം അടി ഉയരം വരെ പൊടിപടലങ്ങള്‍ ചുഴറ്റിയടിച്ചു.
ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂര്‍ണമായി നശിപ്പിച്ച സ്‌ഫോടനത്തില്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി.റേഡിയേഷന്‍ അതിപ്രസരത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് പില്‍ക്കാലത്ത് ജീവന്‍ നഷ്ടമായി.അതിലും ഇരട്ടിയാളുകള്‍ രോഗം ബാധിച്ച് ദുരിതജീവിതം നയിക്കുന്നു.
ഓരോ വര്‍ഷവും ഈ ദിനം ഓര്‍മിക്കേണ്ടത് ദുരന്ത അവശേഷിപ്പുകളെ സ്മരിച്ചല്ല പകരം നാളെയുടെ ലോകത്ത് സമാധാനത്തിന്റെ ചിറക് വിരിക്കുന്ന ശുഭസൂചകങ്ങളായിട്ടായിരിക്കണം.