കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖം ഉമ്മന്‍ ചാണ്ടി ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം. നാടെങ്ങും ആ നേതാവിന്റെ സ്മരണയില്‍ അനുസ്മരണ പരിപാടികള്‍ നടന്നു വരികയാണ്.
2023 ജൂലൈ 18. കരിമേഘങ്ങള്‍ നിഴല്‍ വീഴ്ത്തിയ മഴ ദിനത്തിൽ ഇടിമിന്നൽ പോലെ ആ വാർത്തയെത്തി. ഉമ്മൻ ചാണ്ടി വിട പറഞ്ഞു. പെയ്യാൻ മടിച്ചു നിന്ന കാർമേഘങ്ങൾക്ക് കീഴെ കേരളം കണ്ണീർ പുഴയായി ഒഴുകി. പിന്നാലെ ഇടിച്ചു കുത്തി പെയ്യാൻ തുടങ്ങി കാലവർഷം. ഒരു രാഷ്ട്രീയ നേതാവ് എത്രത്തോളം ജന ഹൃദയങ്ങളിൽ ഇടം നേടിയിട്ടുണ്ടെന്ന് നാടറിയുകയായിരുന്നു.
ഉമ്മൻ ചാണ്ടി അവശേഷിപ്പിച്ചു പോയ ശൂന്യത കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. കോൺഗ്രസിൽ കാറും കോളും ഉയരുമ്പോൾ, യുഡിഎഫ് ഒന്നുലയുമ്പോൾ ആ കപ്പിത്താനെ എല്ലാവരും ഓർക്കും. കേരളം പുഞ്ചിരിക്കുന്ന ക്ഷേമ മുഹൂർത്തങ്ങളിൽ, വികസനത്തിൻ്റെ സൈറൺ മുഴങ്ങുന്ന പുതു കാലങ്ങളിൽ നാട് ഒരു ഭരണാധികാരിയുടെ ദീർഘ ദർശനം അനുഭവിച്ചറിയുന്നു.
എപ്പോഴും ഊര്‍ജം പ്രസരിപ്പിക്കുന്ന പവര്‍ ഹൗസ് എന്ന വിശേഷണം ഉമ്മന്‍ ചാണ്ടിക്ക് പണ്ടേ ചാര്‍ത്തിക്കിട്ടിയതാണ്. ആളും ആരവവുമാണ് അദ്ദേഹത്തിൻ്റെ പൊതു ജീവിതത്തിന് എന്നും അകമ്പടി സേവിച്ചിരുന്നത്. ഉമ്മന്‍ ചാണ്ടി എന്ന പേരു പോലെ സമാനതകളില്ലാത്തതാണ് ആ ജീവിതവും. ഉമ്മന്‍ ചാണ്ടി ജനിച്ചത് തന്നെ രാഷ്ട്രീയക്കാരനാകാനാണ്.
എഞ്ചിനീയറാകണമെന്ന മോഹം ഉള്ളിലെവിടെയോ ചെറുപ്പത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജന മനസുകളുടെ സ്‌നേഹ വാത്സല്യങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടത് കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു നേതാവായിരുന്നു. കുടുംബ വക സ്‌കൂളില്‍ കെ.എസ്.യു വിന്റെ സമരത്തിനിറങ്ങി കാല് മുറിഞ്ഞ് ചോരയൊലിപ്പിച്ച് തുടങ്ങിയതാണ് രാഷ്ട്രീയ ജീവിതം.
വിവാദങ്ങളുടെ കൊടുങ്കാറ്റുയരുമ്പോഴും അലസമായി പാറി നടക്കുന്ന തന്റെ മുടിയിഴകള്‍ പോലെ അതിനെ അതിന്റെ പാട്ടിന് വിട്ട് അതിവേഗം ബഹുദൂരം നടന്ന് നീങ്ങുന്നതാണ് ഉമ്മന്‍ ചാണ്ടി ശൈലി.
നേതാക്കളുടെയും ഭരണകര്‍ത്താക്കളുടെയും സാമ്പ്രദായിക രീതികളില്‍ നിന്ന് വഴിമാറി നടന്നു എന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ സവിശേഷത. മുന്‍ഗാമികള്‍ വെട്ടിത്തെളിച്ച പാതകളിലൂടെയുള്ള സുഗമയാത്ര അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല.
ഏതെങ്കിലും വാര്‍പ്പ് മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടുമില്ല. ഇനിയാര്‍ക്കെങ്കിലുമൊക്കെ വേണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ അനുകരിക്കാം എന്നുമാത്രം.
കേരളം ഉമ്മന്‍ ചാണ്ടിയെ ഒരേ രീതിയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. കക്ഷത്തിലും കയ്യിലും എപ്പോഴും നിവേദനങ്ങളും ഫയലുകളും.. പിന്നെ ഒരു പേന, ചെവിയില്‍ ചേര്‍ത്തുവെച്ചിരിക്കുന്ന ഫോണും.. ഈ ദൃശ്യം മലയാളിക്ക് ഏറെ സുപരിചിതം. തന്റെ കയ്യിലുള്ള ഓരോ തുണ്ട് കടലാസിലും ഒരു ജീവിതം ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടിക്ക് നന്നായറിയാം. അതുകൊണ്ട് തന്നെ ഫയലുകളില്‍ തീരുമാനം എടുക്കാന്‍ വൈകിച്ചിട്ടില്ല.
പുലരുവോളം ഫയലുകള്‍ നോക്കി തീരുമാനം എടുക്കുമ്പോള്‍ അകലെയെവിടെയോ പുതിയൊരു ജീവിതത്തിന്റെ പുലരി വെളിച്ചം ഉദിച്ചിട്ടുണ്ടാകും. ഇനി കലണ്ടർ താളുകൾ എത്ര മറിഞ്ഞാലും ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിന് ജന ഹൃദയങ്ങളിൽ മരണമില്ല.