ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞുകയറി രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാക് സൈന്യത്തെ പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം വിജയം നേടിയ ദിനം. ഇന്ന് കാര്‍ഗില്‍ യുദ്ധസ്മരണകള്‍ക്ക് 25 വയസ്സ്. ഓര്‍ക്കാം ഈ അവസരത്തില്‍ ധീരജവാന്മാരെ.
കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിനു മുകളില്‍ പോരാട്ട വീര്യത്തിന്റെ ചൂടില്‍ ഇന്ത്യയുടെ ധീര ജവാന്മാര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ഉജ്ജ്വല വിജയത്തിന് ചരിത്രം വിളിക്കുന്ന പേര് കാര്‍ഗില്‍. മൂവര്‍ണ്ണകൊടി വിജയത്തിന്റെ അടയാളം മാത്രമല്ല, ആത്ഭാഭിമാനത്തെ ചോദ്യം ചെയ്യുന്ന ആരെയും തിരിച്ചടിക്കാന്‍ ഒരു മടിയുമില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. ഇന്ത്യന്‍ സൈന്യം നേടിയ വിജയത്തിന് കാല്‍ നൂറ്റാണ്ട് തികയുന്നു.
1999 ലായിരുന്നു ഭീകരുടെ സഹായത്തോടെ പാക് സൈന്യം കാര്‍ഗിലിലെ നിയന്ത്രണ രേഖകള്‍ മറികടന്നത്. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തികടത്തി ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്‍ഗില്‍- ലെ ഹൈവേ ഉള്‍പ്പെടെ നിര്‍ണ്ണായക പ്രദേശങ്ങള്‍ അധീനതയിലാക്കുകയായിരുന്നു ലക്ഷ്യം.
നീക്കങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യ ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ സൈനിക നടപടി ആരംഭിച്ചു. അപ്പോഴേക്കും കാര്‍ഗില്‍ മുതല്‍ ലഡാക്ക് വരെ പാക് നിയന്ത്രണത്തിലായിരുന്നു. കൊടുംതണുപ്പില്‍ മലമുകളില്‍ കയറി അവരെ നേരിടുക എന്നത് ദുഷ്‌കരം. എങ്കിലും ഇന്ത്യന്‍ സൈന്യം പിന്മാറിയില്ല.
പാക് തിരിച്ചടിയില്‍ ഒട്ടേറെ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ നഷ്ടപ്പെട്ട പ്രദേശങ്ങള്‍ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പ്രത്യാക്രമണം ഏകദേശം 50 ദിവസം നീണ്ടുനിന്നു. മിറാഷ് വിമാനങ്ങള്‍ അടക്കം ഇന്ത്യ തൊടുത്തുവിട്ടു. 500 ബോംബുകളാണ് പാക് സൈന്യത്തിനുനേരെ പാഞ്ഞടുത്തത്.
ഓപ്പറേഷന്‍ വിജയ് ആഞ്ഞടിച്ചപ്പോള്‍ പാകിസ്ഥാന് നാണംകെട്ട തോല്‍വിയുമായി മടങ്ങേണ്ടിവന്നു. ഒടുവില്‍ ജൂലൈ 26ന് അവസാന നുഴഞ്ഞുകയറ്റക്കാരനും ഒഴിഞ്ഞുപോയെന്ന് സ്ഥിരീകരണം. 60 ദിവസം നീണ്ട പോരാട്ടവീര്യം, 527 ജവാന്മാരെയാണ് ഇന്ത്യക്ക് നഷ്ടമായത്.
കാര്‍ഗിലില്‍ ഇന്ത്യ കുറിച്ചത് വെറുമൊരു യുദ്ധവിജയമല്ല, ബലിയര്‍പ്പിച്ച ധീര സൈനികരുടെ ത്യാഗവും രാജ്യസ്‌നേഹവും ജ്വലിക്കുന്ന ഓര്‍മ്മ കൂടിയാണ്. ഇന്നും ഇന്ത്യ അണയാതെ സൂക്ഷിക്കുന്ന പ്രതീക്ഷയുടെ ജ്വാല. ധീര ജവാന്മാര്‍ക്ക് പ്രണാമം.