കൊല്ലം പെരുമണ്‍ തീവണ്ടി ദുരന്തത്തിന് 36 വയസ്സ്. 105 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
1988 ജൂലൈ 8 -ന് ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത് . ബെംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലന്‍ഡ് എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പെരുമണ്‍ പാലത്തില്‍ നിന്ന് അഷ്ടമുടി കായലിലേക് പതിക്കുക ആയിരുന്നു.
യാത്രക്കാരും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടെ 105 പേരാണ് അപകടത്തില്‍ മരണമടഞ്ഞത് . നിരവധിപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.ദുരന്ത കാരണം കണ്ടെത്തണം എന്നാവശ്യം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ രണ്ട് അന്വേഷണ കമ്മിഷനുകളെ നിയമിച്ചു .
റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ സൂര്യ നാരായണന്റെ നേതൃത്വത്തില്‍ ആയിരുന്നു ആദ്യത്തെ കമ്മീഷന്‍ .കായലില്‍ രൂപം കൊണ്ട ടോര്‍നാടോ ചുഴലിക്കാറ്റ് മൂലമാണ് ട്രെയിന്‍ മറിഞ്ഞത് എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍ .എന്നാല്‍ ചുഴലികാറ്റു പോയിട്ട് ചെറിയ കാറ്റു പോലും അനുഭവപെട്ടില്ലെന്ന് തീവണ്ടി മറിഞ്ഞ സമയം കായലില്‍ മത്സ്യ ബദ്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മത്സ്യ തൊഴിലാളികളും നാട്ടുകാരും പറയുന്നു .
തുടര്‍ന്ന് റിട്ടേര്‍ഡ് എയര്‍ മാര്‍ഷല്‍ സി.എസ്. നായിക്കിന്റെ രണ്ടാമത്തെ കമ്മീഷനെയും നിയമിച്ചു . അപകടകാരണം ടോര്‍നാടോ എന്നായിരുന്നു കമ്മീഷന്റെയും കണ്ടെത്തല്‍ . എന്നാല്‍ 36 വര്‍ഷം പിന്നിടുമ്പോഴും അപകടകാരണം അഞ്ജാതമായി തുടരുകയാണ്.
പെരുമണ്‍ പാലത്തിന്റെ സമീപം മരണപ്പെട്ടവരുടെ ഓര്‍മ്മക്കായി സ്ഥാപിച്ചസ്മൃതി മണ്ഡപത്തില്‍ പെരുമണ്‍ ദുരന്ത അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ.വി.ഷാജിയുടെ നേതൃത്വത്തില്‍ മുടക്കം കൂടാതെ എല്ലാ വര്‍ഷവും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാറുണ്ട്. ഇനിയെങ്കിലും അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
തീവണ്ടി അമിത വേഗത്തില്‍ വന്നുവെന്നോ പരിചയമില്ലാത്ത ആരോ ആണ് തീവണ്ടി ഓടിച്ചിരുന്നു എന്നും അവിദഗ്ദ്ധമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവരികയുണ്ടായി. ദുരന്തത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഇതുവരെയും ഫലം കണ്ടിട്ടില്ല.