പഞ്ഞത്തിന്റെ കര്‍ക്കിടകപ്പെയ്‌ത്തൊഴിഞ്ഞ് മലയാളികളിന്ന് കണ്‍ തുറക്കുന്നത് പുതുവര്‍ഷത്തിലേക്കാണ്. പുതുവര്‍ഷത്തിനാകട്ടെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പുതിയൊരു നൂറ്റാണ്ടിന്റെ ആരംഭം കൂടിയാണ് ഇത്തവണത്തെ ചിങ്ങം ഒന്ന്.
കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങം പിറക്കുമ്പോഴാണ് മലയാളിക്ക് പുതുവര്‍ഷം ആരംഭിക്കുന്നത്. കൊല്ലവര്‍ഷ ഗണനാ ക്രമമനുസരിച്ചാണ് ഈ കണക്ക്. ഇത്തവണ കര്‍ക്കിടകം 32 കഴിഞ്ഞ് കണ്‍തുറക്കുന്നത് മലയാള വര്‍ഷത്തിന്റെ പുതിയ നൂറ്റാണ്ടിലേക്കാണ്. കൊല്ലവര്‍ഷം 1199 ആണ് കടന്നു പോയത്.
1200 ചിങ്ങം ഒന്ന് എന്ന തീയതി മലയാളത്തിന്റെ തനതു കലണ്ടറില്‍ പതിമൂന്നാം നൂറ്റാണ്ടിനെയാണ് കുറിക്കുന്നത്. രണ്ടു രീതിയിലുള്ള സമ്പ്രദായങ്ങളാണ് ലോകമെമ്പാടുമുള്ള കലണ്ടറുകള്‍ പിന്‍തുടരുന്നത്.
സൂര്യനെ ആസ്പദമാക്കിയുള്ളതും ചന്ദ്രനെ ആസ്പദമാക്കിയുള്ളതും. അതില്‍ തന്നെ സൂര്യ വര്‍ഷത്തെയും ചാന്ദ്രമാസത്തെയും ആസ്പദമാക്കിയുള്ള ഗ്രിഗോറിയന്‍ കലണ്ടറാണ് ലോകവ്യാപകമായി നാം പിന്‍തുടരുന്ന ഇംഗ്ലീഷ് മാസങ്ങളുടെ കലണ്ടര്‍.
സൗര കലണ്ടറിലേതു പോലെ പന്ത്രണ്ടു മാസങ്ങളും ഞായര്‍ മുതല്‍ ശനി വരെ ഏഴു ദിവസങ്ങളുള്ള ആഴ്ചയും തന്നെയാണ് കൊല്ലവര്‍ഷത്തിലും. എന്നാല്‍ 28 മുതല്‍ 32 ദിവസം വരെ മാസത്തിന്റെ ദൈര്‍ഘ്യം വ്യത്യാസപ്പെടുമെന്നതാണ് കൊല്ലവര്‍ഷത്തെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.
എ.ഡി 825ലാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം. കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് വാദവും നിലനില്‍ക്കുന്നുണ്ട്.