36 പേരുടെ ജീവനെടുത്ത, കേരളത്തെ നടുക്കിയ കരടിപ്പാറ ബസ്സപകടം നടന്നിട്ട് അര നൂറ്റാണ്ട് തികഞ്ഞു. 1974 ഏപ്രില്‍ 29ന് രാവിലെ 9.30 നാണ് കൊച്ചി ധനുഷ്‌ക്കോടി ദേശീയ പാതയിലെ കരടിപ്പാറയില്‍ കെ എസ് ആര്‍ ടി സി ബസ് 2000 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്.
മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് കരടിപ്പാറ.വലിയൊരപകടത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ കരടിപ്പാറക്കുണ്ടെന്ന് ഇവിടെയെത്തുന്നവരില്‍ പലര്‍ക്കും അറിയില്ല.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ഇടത്താവളമാണ് കരടിപ്പാറ.ഹൈറേഞ്ചിന്റെ വിദൂര കാഴ്ച്ച ഇവിടെ നിന്നാസ്വദിക്കാം.എന്നാല്‍ ഈ സുന്ദരകാഴ്ച്ചകള്‍ക്കപ്പുറം വലിയൊരപകടത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ക്കൂടി കരടിപ്പാറക്കുണ്ട്.
1974 ഏപ്രില്‍ 29ന് രാവിലെ 9.30 നായിരുന്നു കേരളത്തെ നടുക്കിയ ആ ബസപകടം സംഭവിച്ചത്. 36 പേരുടെ ജീവനെടുത്ത കരടിപ്പാറ ബസ്സപകടം നടന്നിട്ട് അര നൂറ്റാണ്ട് തികഞ്ഞു. അപകടത്തില്‍ 10 സ്ത്രീകളടക്കം 33 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 24 പേര്‍ക്ക് പരുക്കേറ്റു. ചികിത്സക്കിടെ പിന്നീട് 3 പേര്‍ കൂടി മരിച്ചു. രാവിലെ 9 ന് മൂന്നാറില്‍ നിന്ന് എറണാകുളത്തിന് പോയ ബസാണ് അപകടത്തില്‍ പെട്ടത്.
നിറയെ യാത്രക്കാരുമായി വന്ന ബസ് കരടിപ്പാറയിലെ വളവില്‍ എതിരെ വന്ന പാഴ്സല്‍ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. പാറക്കെട്ടില്‍ ചെന്നിടിച്ച ബസ് പല തവണ മലക്കം മറിഞ്ഞു. യാത്രക്കാരില്‍ പലരും ബസില്‍ നിന്നും തെറിച്ച് പാറക്കെട്ടില്‍ വീണു മരിക്കുകയായിരുന്നു.
ഇന്നത്തെ പോലെയായിരുന്നില്ല അന്നത്തെ കരടിപ്പാറ. കൊടും വളവായിരുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയില്ലായിരുന്നു. ഇന്ന് സ്ഥിതി മാറി. മൂന്നാറിന് സമീപമുള്ള പ്രധാന വ്യൂ പോയിന്റുകളില്‍ ഒന്നാണ് കരടിപ്പാറ.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വളവുകള്‍ വീതികൂട്ടി. പാതയോരത്ത് സംരക്ഷണഭിത്തി നിര്‍മ്മിച്ച് അതിനു മുകളില്‍ സുരക്ഷാ വലകള്‍ സ്ഥാപിച്ചിട്ടുണ്ട്. സമീപത്തായി പള്ളിവാസല്‍ പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയും പ്രവര്‍ത്തിച്ചു വരുന്നു.