തകര്‍ന്നെന്ന് കരുതിയ ജീവിതം ഏറെ പ്രതീക്ഷയോടെ വീണ്ടും കെട്ടിപ്പടുക്കുകയാണ് ചാലക്കുടിയിലെ വീട്ടമ്മയായ ഷീലാ സണ്ണി. വ്യാജ ലഹരി കേസിൽ ജയിലിൽ കിടന്നതോടെ ബ്യൂട്ടിപാർലടക്കം സകലതും നഷ്ടമായി. നഷ്ടപ്പെട്ടെന്നു കരുതിയ തന്‍റെ ജീവിതമാര്‍ഗമായ ബ്യൂട്ടിപാർലർ തന്നെ തിരികെ പിടിക്കുകയാണ് ഷീല സണ്ണി.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് ഷീല സണ്ണിയുടെ ജീവിതത്തില്‍ സംഭവിച്ചത്. ഫെബ്രുവരി 24 ബ്യൂട്ടിപാർലറിൽ നിന്ന് 12 എൽ എസ് ഡി സ്റ്റാമ്പുകളും ആയി ഷീല സണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തു. 72 ദിവസം ജയിൽവാസം. ആരോ ഒരുക്കിവെച്ച കെണിയിൽ അകപ്പെട്ടത് അറിയാതെ. പിന്നീട് ജാമ്യം കിട്ടിയെങ്കിലും ആളുകളുടെ മുഖത്ത് നോക്കാനാകാതെ മുറിക്കുള്ളിൽ ഒളിച്ചു.
ലഹരി പരിശോധനാഫലം പുറത്തുവന്നപ്പോൾ വീണ്ടും ട്വിസ്റ്റ്. പിടിച്ചെടുത്തത് വ്യാജ സ്റ്റാമ്പുകൾ . ആട്ടിപ്പായിച്ചവരും മുഖം തിരിച്ചവരും എല്ലാം ഷീലയെ ചേർത്തുനിർത്തി. അപ്പോഴേക്കും ഷീലക്ക് ആത്മാഭിമാനം ഉൾപ്പെടെ സകലതും നഷ്ടമായിരുന്നു. നിരപരാധിത്വം തെളിഞ്ഞെങ്കിലും തൻറെ പ്രിയപ്പെട്ട ബ്യൂട്ടിപാർലർ രംഗത്തേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പിച്ചു. പിന്നാലെ ചേർത്തുനിർത്തിയവരുടെ കരുത്തിൽ ആ തീരുമാനം മാറ്റിയെഴുതി.
തണൽ എന്ന സന്നദ്ധ സംഘടന ഷീലയ്ക്ക് വീണ്ടും ബ്യൂട്ടിപാർലർ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം ഒരുക്കി. പഴയ മുറി അല്ലെങ്കിലും അതെ കെട്ടിടത്തിൽ തന്നെ കെട്ടിട ഉടമ പുതിയ മുറി നൽകി .വീണ്ടും ബ്യൂട്ടിപാർലർ ആരംഭിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഷീലാ സണ്ണി .
നോർത്ത് ചാലക്കുടിയിൽ പ്രവർത്തനം ആരംഭിക്കുന്ന ഷീ സ്റ്റൈൽ എന്ന ബ്യൂട്ടിപാർലർ സ്ഥലം എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് നാളെ ഉദ്ഘാടനം ചെയ്യും. ബ്യൂട്ടിപാർലർ തുടങ്ങാനായതിൽ ഷീല സണ്ണിക്ക് സന്തോഷമെങ്കിലും സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവന്നാൽ മാത്രമേ മനസ്സിലെ കാർമേഘം പൂർണമായും നീങ്ങു.