Share this Article
News Malayalam 24x7
രബീന്ദ്രനാഥ ടാഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 82 വയസ്
Rabindranath Tagore Death Anniversary

രബീന്ദ്രനാഥ ടാഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 82 വയസ്. 1941 ഓഗസ്റ്റ് ഏഴിനാണ് ടാഗോര്‍ എഴുത്തിന്റെ ലോകത്ത് നിന്നും യാത്രയായത്. ദേശീയ ഗാന ശില്‍പി, താന്‍ ജീവിച്ച കാലഘട്ടത്തിലെ മഹാപ്രതിഭകളുമായി ഇന്ത്യയുടെ ആത്മാവിനെ ചേര്‍ത്തുവച്ച സഞ്ചാരി തുടങ്ങി വിശേഷണങ്ങള്‍ പലതാണ് രബീന്ദ്രനാഥ ടാഗോര്‍ എന്ന വിശ്വസാഹിത്യകാരന്.

ഗാന്ധിജി ഗുരുദേവനെന്നാണ് ടാഗോറിനെ വിശേഷിപ്പിച്ചിരുന്നത്. ബ്രഹ്‌മസമാജം നേതാവായിരുന്ന ദേവേന്ദ്രനാഥ ടാഗോറിന്റെ പതിനാലാമത്തെ മകനാണ് രബീന്ദ്രനാഥ ടാഗോര്‍.

ആദ്യ കൃതി സന്ധ്യാസംഗീതം പ്രസിദ്ധീകരിക്കുമ്പോള്‍ വയസ് 17 മാത്രം. പഠനശേഷം അച്ഛന്റെ വഴിയേ ബ്രഹ്‌മസമാജത്തിലേക്കെത്തി. 1901ല്‍ ബദല്‍ പഠനത്തിന്റെ ഉദാത്ത മാതൃക ലോകത്തെ അറിയിച്ച ശാന്തിനികേതനില്‍. 1908ലെ ബംഗാള്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷനായി ചരിത്രത്തിലാദ്യമായി ബംഗാളിയില്‍ പ്രസംഗം. 1912ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടാഗോര്‍ പാടി അവതരിപ്പിച്ച് ജനതയ്ക്ക് നല്‍കിയതാണ് ജനഗണമന. ജാലിയന്‍വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്ന സ്ഥാനമാനങ്ങളെ ഉപേക്ഷിച്ചു. ഇനി സര്‍ എന്ന് വിളിക്കരുതെന്ന് കത്തെഴുതി.

കോണ്‍ഗ്രസിലെ ഗാന്ധിയന്‍ ധാരയിലായിരുന്നു എന്നും ടാഗോര്‍. ഗാന്ധിജിയെ ആദ്യമായി മഹാത്മ എന്ന് അഭിസംബോധന ചെയ്തത് ടാഗോറാണ്. അഞ്ച് ഭൂഖണ്ഡങ്ങള്‍,മുപ്പതിലേറെ രാജ്യങ്ങള്‍ ഈ മഹായാത്രകളിലൂടെ ഇന്ത്യന്‍ സാഹിത്യവും സംസ്‌കാരവും ലോകത്തെ പരിചയപ്പെടുത്തുക കൂടിയായിരുന്നു ടാഗോര്‍. മൂവായിരത്തോളം കവിതകളടങ്ങിയ കവിതാസമാഹാരങ്ങള്‍ രണ്ടായിരത്തിലേറെ ഗാനങ്ങള്‍, നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖനസമാഹാരങ്ങള്‍, സംഗീതാത്മകമായിരുന്നു ആ ജീവിതം.

ഇന്ത്യയുടെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നതായിരുന്നു ആ രചനകളെല്ലാം.1913ല്‍ ടാഗോളിന് നൊബേല്‍ ലഭിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലേക്ക് സാഹിത്യത്തിനുള്ള നൊബേല്‍ ആദ്യമായി എത്തുകയായിരുന്നു ടാഗോറിലൂടെ. ജീവിതം പോലെ മരണവും അനിവാര്യമെന്ന് പഠിപ്പിക്കുന്നതാണ് ഓരോ രചനകളും. അത് ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉണര്‍ത്തുപാട്ടുകളാണ്


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article