മലിനീകരണം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ദിവസമാണ് ലോക മലിനീകരണ പ്രതിരോധ ദിനം. എല്ലാ വര്‍ഷവും നിരവധിപേരാണ് മലിനീകരണം മൂലമുണ്ടാകുന്ന പലവിധ പ്രശ്‌നങ്ങള്‍കാരണം മരണപ്പെടുന്നത്. പരിസ്ഥിതിയും അതോടൊപ്പം മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിനായി മലിനീകരണം നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മരം മുറിക്കുന്നത് പ്ലാസ്റ്റിക്ക് കത്തിക്കുന്നത് തുടങ്ങി നിരവധി മനുഷ്യ പ്രവര്‍ത്തികള്‍ നമ്മുടെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും ഇത് വായു മലിനീകരണത്തിന് കാരണമാകുകയും ജനങ്ങളുടെ ജീവിത നിലവാരത്തെയും ആരോഗ്യത്തെയും ഇത് വളരെ മോശമായ രീതിയില്‍ ബാധിക്കുകയും ചെയ്യുന്നു.
വായു മലിനീകരണം, ജലമലിനീകരണം, പരിസ്ഥിതി മലിനീകരണം തുടങ്ങി വിവിധ തരത്തിലുള്ള മലിനീകരണം കുത്തനെ വര്‍ധിക്കുകയും നമ്മുടെ ഗ്രഹത്തെയും അതോടൊപ്പം നമ്മുടെ ജീവിതത്തെയും ഓരോ ദിവസവും നശിപ്പിക്കുകയും ചെയ്യുന്നു.'ശുദ്ധവും ആരോഗ്യകരവുമായ ഒരു ഗ്രഹത്തിനായുള്ള സുസ്ഥിര വികസനം' എന്നതാണ് 2023 ലെ ദേശീയ മലിനീകരണ നിയന്ത്രണ ദിനത്തിന്റെ പ്രമേയം.
സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഭാവി തലമുറകള്‍ക്ക് ആരോഗ്യകരമായ ഒരു ഗ്രഹം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ രീതികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഇത് അടിവരയിടുന്നു.മനുഷ്യന്‍ ഉണ്ടാക്കുന്ന വിവിധതരം മലിനീകരണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നത് വളരെ പ്രധാനമാണ്. സുസ്ഥിരമായ ജീവിതമാര്‍ഗം സ്വീകരിക്കുയും അതിലൂടെ നമ്മുടെ ഗ്രഹത്തിന് നാം വരുത്തിയ നാശനഷ്ടങ്ങള്‍ മാറ്റുകയും നല്ലൊരു നാളെയെ സൃഷ്ടിക്കുകയും ചെയ്യാന്‍ നമ്മുക്ക് പ്രയത്‌നിക്കാം.