ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. നമുക്ക് വേണ്ടിയും സമൂഹത്തിനും വേണ്ടിയുമുള്ള യോഗ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ശാരീരികവും മാനസികവും ആത്മീയവുമായ പരിശീലനമാണ് യോഗ. ഇത് വെറുമൊരു വ്യായാമമുറ മാത്രമല്ല മറിച്ച് ഗൗരവമേറിയ രോഗലക്ഷണങ്ങളെ ലഘൂകരിക്കുന്നത് മുതല്‍ ശാരീരിക സൗഖ്യം വര്‍ദ്ധിപ്പിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിനുവരെ ഏറെ സഹായകമാണ് യോഗ.
പ്രായഭേദമന്യേ ഏവര്‍ക്കും ഇത് അഭ്യസിക്കാവുന്ന ഒന്നാണ്. സംസ്‌കൃതത്തില്‍ നിന്നുമാണ് യോഗ എന്ന വാക്ക് ഉത്ഭവിച്ചത്. ശരീരത്തിന്റെയും ബോധത്തിന്റെയും ഐക്യത്തെ പ്രതീപ്പെടുത്തുക അല്ലെങ്കില്‍ ഒന്നിക്കുക എന്താണ് ഈ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ യോഗയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ലഭിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടലിലൂടെയാണ്.2014ലെ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ട് വെയ്ക്കുന്നത്.
2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചു വരുന്നു. വിഷാദം ഉത്കണ്ഠ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വളരെ സഹായകമാണ് യോഗ. ഇത് അഭ്യസിക്കുന്നതിലൂടെ ശരീരത്തിന്റെയും മനസിന്റെയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതാണ്.
കൂടാതെ രോഗ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാകാന്‍ യോഗ സഹായിക്കുമെന്നും പല പഠനങ്ങളും ഇതിനോടകം തെളിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗയ്ക്ക് വളരെ വലിയ പങ്കാണ് വഹിക്കാന്‍ സാധിക്കുക. തിരക്കേറിയ ജീവിതത്തിനിടിയില്‍ അല്പസമയം യോഗയ്ക്കായി മാറ്റിവെയ്ക്കാം ആരോഗ്യം സംരക്ഷിക്കാം.