Share this Article
News Malayalam 24x7
കുഞ്ഞുങ്ങള്‍ ചാച്ചാജിയാകുന്ന ദിവസം; ഇന്ന് ശിശുദിനം
Children's Day: Celebrating Chacha Nehru's Legacy

ഇന്ന് ശിശുദിനം. ശിശുദിനം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുന്ന ചിത്രം റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെതാണ്.

കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. ഇന്നത്തെ കുട്ടികള്‍ നാളത്തെ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന നെഹ്‌റുവിന്റെ വാക്കുകള്‍ ഈ ദിനത്തില്‍ നമുക്ക്  ഓര്‍മ്മിക്കാം.

1889 നവംബര്‍ 14 നാണ് കുട്ടികള്‍ക്ക് തങ്ങളുടെ ചാച്ചാജിയെ ലഭിക്കുന്നത്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നെഹ്റുവിന്റെ തൊപ്പിയും വെള്ള കുര്‍ത്തയും പനിനീര്‍പ്പൂവും ചൂടി ഓരോ കുരുന്നുകളും ചാച്ചാജിയാകുന്ന സുദിനം.

തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുരുന്നകള്‍ക്കായി പ്രത്യേകം സമയം കണ്ടെത്തിയിരുന്ന ചാച്ചാജിയുടെ ഓര്‍മകള്‍ ഓരോ ശിശുദിനത്തിലും അലയടിക്കുകയാണ്.

കുട്ടികളെ ഏറെ സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ'കുട്ടികള്‍ ചാച്ചാ നെഹ്റു' എന്നു വിളിച്ചു. നമ്മള്‍ എത്ര നന്നായി കുട്ടികളെ പരിപാലിക്കുന്നുവോ രാഷ്ട്രനിര്‍മ്മാണം അത്രയും മികച്ചതാകുമെന്നായിരുന്നു നെഹ്റുവിന്റെ വാക്കുകള്‍.

ജവഹര്‍ലാല്‍ നെഹ്‌റു 1964ല്‍ അന്തരിച്ചതിനുശേഷമാണ് പാര്‍ലമെന്റ് നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്.

കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച നെഹ്‌റു കുട്ടികള്‍ക്ക് തദ്ദേശീയ സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി 1955 ല്‍ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു.

ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷന്‍ എന്ന നിലയ്ക്ക് രാജ്യത്തെ ഓരോ പൗരനും വളരെ ആദരവോടെ നോക്കിക്കാണുന്നു. എല്ലാ കുട്ടികളോടും തന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ അദ്ദേഹം കത്തുകള്‍ എഴുതി.

1947-ല്‍ അദ്ദേഹം എഴുതിയ 'ഇന്ത്യയിലെ കുട്ടികള്‍ക്ക് ഒരു കത്ത്' അത്തരത്തിലുള്ള ഒന്നാണ്. കുട്ടികളില്‍ അദ്ദേഹം ഇന്ത്യയുടെ ഭാവി കണ്ടു. അവരുമായുള്ള സംസാരങ്ങളെ അദ്ദേഹം കണ്ടത് ഭാവി ഇന്ത്യയുമായുള്ള സംസാരമായിട്ടായിരുന്നു.

നെഹ്‌റു തന്റെ പത്ത് വയസ്സുകാരി മകള്‍ ഇന്ദിര 1928-ല്‍ മുസ്സോറിയില്‍ പഠിക്കുന്ന കാലത്ത് ഒരുപാട് കത്തുകള്‍ എഴുതി.1929ല്‍ അതൊരു പുസ്തകമായി പ്രസിദ്ധീകരിച്ചു. മകള്‍ക്ക് കത്തെഴുതുമ്പോള്‍ അദ്ദേഹം ഇന്ത്യയിലെ എല്ലാ കുട്ടികളെയും മുന്നില്‍ക്കണ്ടിരുന്നു.

തൊപ്പിയും നീണ്ട ജുബ്ബയും ഒപ്പം ചുവന്ന റോസാപ്പൂവും ധരിച്ച് , സദാ പുഞ്ചിരിക്കുന്ന മുഖവുമായി നെഹ്റു കുട്ടികള്‍ക്കിടയില്‍ ഇന്നും അവരുടെ ചാച്ചാജിയായി നിലനില്‍ക്കുന്നു.

രാജ്യത്തെ സ്‌കൂളുകളില്‍ സംഗീത- നൃത്ത-പ്രസംഗ-ക്വിസ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.

ലോക രാജ്യങള്‍ക്ക് മുന്നിലേക്ക് ഇന്ത്യയെ കൈപിടിച്ചാനായിച്ച ജവഹര്‍ ലാല്‍ നെഹ്‌റുവിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ നമുക്ക് ഒരിക്കല്‍ കൂടി ഓര്‍മ്മിക്കാം..




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories