Share this Article
News Malayalam 24x7
ഇന്ന്‌ ദേശീയ ഡെങ്കിപ്പനി വിരുദ്ധദിനം; 'സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം
Today is National Anti-Dengue Day; Dengue fever can be controlled with community participation

മഴക്കാലമെത്തും മുന്‍പേ എത്തിയ ഇടവിട്ടു പെയ്ത വേനല്‍ മഴ ഡെങ്കിപ്പനി വ്യാപനത്തിന് ഇടയാക്കുകയാണ്. ദേശീയ ഡെങ്കിപ്പനി വിരുദ്ധദിനം. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് സംസ്ഥാനത്ത്. 'സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. 

മഴ പെയ്ത് തുടങ്ങിയിട്ടേ ഉള്ളു. കാലാവസ്ഥ വകുപ്പ് മെയ് 31 ഓടെ മണ്‍സൂണ്‍ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഡെങ്കുവും എലിപ്പനിയും മഞ്ഞപ്പിത്തവും പിടിമുറുക്കി കഴിഞ്ഞു. ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

കൊതുകുപരത്തുന്ന ഡെങ്കിപ്പനി തടയാന്‍ പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. വ്യക്തികള്‍ക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതില്‍ പ്രധാന പങ്കുവഹിക്കാനാകും.

വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം.

ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കണം. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.

കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരില്‍ നിന്നും ഡെങ്കിപ്പനി നേരിട്ട് പകരുന്നില്ല. അതിനാല്‍ തന്നെ ഡെങ്കിപ്പനിയ്‌ക്കെതിരായ പ്രതിരോധ നടപടികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. സംസ്ഥാനത്ത് ഡെങ്കിപ്പനി പ്രതിരോധത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article