അഞ്ചിലങ്കത്തില്‍ ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഡ്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ് കോണ്‍ഗ്രസിന്റെ അമരത്ത് ഇത്തവണയും ഭൂപേഷ് ഭാഗലാണ്.
23 വയസേ ആയുള്ളൂ ഛത്തീസ്ഗഡിന്. താരതമ്യേനെ പ്രായം കുറഞ്ഞ സംസ്ഥാനം ആറാം തവണയാണ് ജനവിധി തേടുന്നത്. അഞ്ചില്‍ മൂന്ന് തവണയും ബിജെപി ഭരിച്ച സംസ്ഥാനത്ത് 2018ല്‍ ഭൂപേഷ് ഭാഗലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. ഇതേ സമവാക്യം ആവര്‍ത്തിക്കാന്‍ ഭൂപേഷ് ഭാഗലിനെ മുന്‍നിര്‍ത്തിയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയിരിക്കുന്നത്.
90കളിലാണ് ഭൂപേഷ് ഭാഗല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലിറങ്ങുന്നത്. 93ലെ കന്നിയങ്കത്തിലാണ് ഭാഗല്‍ നിയമസഭയിലെത്തുന്നത്. പിന്നീടി തോല്‍വിയെന്തെന്ന് ഭൂപേഷ് അറിഞ്ഞിട്ടില്ല. സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും ഭൂപേഷ് ഭാഗല്‍ അജയ്യനായിരുന്നു. ഭാഗലിന്റെ പരമ്പരാഗത സീറ്റായ ദുര്‍ഗ് ജില്ലയിലെ പത്താന്‍ മണ്ഡലത്തില്‍ നിന്നാണ് ഇത്തവണയും ജനവിധി തേടുന്നത്.
ഛത്തീസ്ഗഡില്‍ ബിജെപിയേക്കാള്‍ ഒരുപടി മുന്നിലാണ് കോണ്‍ഗ്രസ്. ഭൂപേഷ് ഭാഗലെന്ന പേരിന് അത്രത്തോളം സ്വീകാര്യതയുണ്ട് സംസ്ഥാനത്ത്. ഇത് തന്നെയാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസവും. 2018ല്‍ 90 സീറ്റില്‍ 68 സീറ്റും നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ഈ വിജയത്തിന്റെ തനിയാവര്‍ത്തനമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതും.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വെന്നിക്കൊടി പാറിച്ചെങ്കിലും നിയമസഭ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. അത് ഭൂപേഷ് ഭാഗല്‍ എന്ന മുഖം ഒന്നുകൊണ്ടുമാത്രമാണ്. 2018ല്‍ അധികാരത്തിലേറിയ കാലം ജനക്ഷേമപരമായ പല പദ്ധതികളും ആവിഷ്‌കരിച്ച് ഭരണത്തുടര്‍ച്ച മുന്‍കൂട്ടി കണ്ടുള്ള ഭരണമായിരുന്നു ഭാഗലിന്റെത്. ദേശീയതയിലൂന്നിയുള്ള തെരഞ്ഞെടുപ്പ് തന്ത്രം ബിജെപി പയറ്റുമ്പോള്‍ കര്‍ണാടകയിലെ പ്രാദേശികവാദത്തിലാണ് കോണ്‍ഗ്രസ് വോട്ടുറപ്പിക്കുക. അതിന്റെ തുറുപ്പ് ചീട്ടാകട്ടെ ഭൂപേഷ് ഭാഗലും.