ഇന്ന് ദേശീയ നാവികസേനാ ദിനം. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഡിസംബര്‍ 4 ന് ദേശീയ നാവിക സേന ദിനമായി ആചരിക്കുന്നത്.
1971 ല്‍ സ്വാതന്ത്ര്യാനന്തരം നടന്ന യുദ്ധത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ അടിയറവ് പറയുമ്പോള്‍ അതില്‍ നാവിക സേന വഹിച്ച പങ്ക് വളരെ വലുതാണ്. കറാച്ചിയിലെ പാക് നാവികത്താവളം ഇന്ത്യന്‍ നാവിക സേന ആക്രമിച്ച് തകര്‍ത്തത് പാകിസ്താനേറ്റ ഏറ്റവും വലിയ അടിയായിരുന്നു. ഓപ്പറേഷന്‍ ട്രൈഡന്റ് എന്നായിരുന്നു പദ്ധതിയുടെ പേര്. പാകിസ്താന്‍ പടകപ്പലുകളായ പിഎന്‍എസ് ഖൈബാറും പിഎന്‍എസ് മുഖാഫിസും അടക്കം ഇന്ത്യന്‍ നാവിക സേന അന്ന് മുക്കിക്കളഞ്ഞു. നൂറുകണക്കിന് പാകിസ്താന്‍ നാവിക സൈനികരെ വധിച്ചു. പാകിസ്താന്റെ പ്രധാന തുറമുഖ കേന്ദ്രമായ കറാച്ചിയെ ആക്രമിച്ചതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
13 ദിവസം നീണ്ട യുദ്ധത്തില്‍ പാകിസ്താന് ഇന്ത്യയുടെ നാവിക ആക്രമണം ഏല്‍പ്പിച്ച ആഘാതം വലുതാണ്. ഓപ്പറേഷന്‍ ട്രൈഡന്റിലാണ് മേഖലയില്‍ ആദ്യമായി കപ്പലുകളില്‍ മിസൈലുകള്‍ ഉപയോഗിച്ചത്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നാവിക സേനയാണ് ഇന്ത്യയിലേത്. അത്യാധുനിക എയര്‍ക്രാഫ്റ്റുകളും പടക്കപ്പലുകളും ഇപ്പോള്‍ നാവിക സേനയുടെ കൈകളിലുണ്ട്. കടലിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ ഉള്‍പ്പെടെ ഇന്ത്യ കൈവരിച്ച വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. എത്രയോ ചെറുരാജ്യങ്ങള്‍ക്ക് കടലില്‍ സുരക്ഷാ സംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് കഴിഞ്ഞു. 150ഓളം കപ്പലുകളും സബ്മറൈനുകളും 350 ഓളം എയര്‍ക്രാഫ്റ്റുകളും ഇന്ത്യന്‍ നാവിക സേനക്കുണ്ട്. 70000ഓളം സ്ഥിരം സൈനിക ഉദ്യോഗസ്ഥരും 50000 റിസര്‍വ് ഉദ്യോഗസ്ഥരും സേനയുടെ ഭാഗമാണ്.