രാജസ്ഥാനില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ ഭരണം തിരിച്ചുപിടിച്ച് ബിജെപി. 199 സീറ്റില്‍ 114 നേടിയാണ് ബിജെപി മരുഭൂമിയില്‍ കാവിക്കൊടി പാറിച്ചത്. തുടക്കത്തില്‍ മുന്നില്‍ നിന്നിരുന്ന കോണ്‍ഗ്രസ് വോട്ടെണ്ണലിന്റെ നിര്‍ണായക മണിക്കൂറിലേക്ക് പ്രവേശിച്ചപ്പോള്‍ പിന്നിലേക്ക് പോകുകയായിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ തന്ത്രങ്ങളും അവസാന നിമിഷത്തെ ജനക്ഷേമ പ്രഖ്യാപനങ്ങളും മരുഭൂമിയില്‍ വിഫലമായി.
1990 മുതല്‍ ഓരോ അഞ്ചുവര്‍ഷവും ഭരണമാറ്റമെന്ന ശീലം രാജസ്ഥാനില്‍ ഇത്തവണയും തുടര്‍ന്നു. ഇത്തവണ ഭരണമാറ്റത്തിന് രാജസ്ഥാന്‍ ജനതയെ പ്രേരിപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന പ്രധാന തെരഞ്ഞെടുപ്പ് ട്രെന്‍ഡാണ്. കോണ്‍ഗ്രസ് ഭരണത്തിന് വിനയായത് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹങ്ങള്‍ തന്നെ. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒറ്റക്കെട്ടാണെന്ന് പറഞ്ഞ് ഇരുവരും തോളില്‍ കൈയ്യിട്ടെങ്കിലും ഫലിച്ചില്ല.
ഗെഹ്ലോട്ടിന്റെ തന്ത്രങ്ങളും മന്ത്രങ്ങളും മണല്‍ കാറ്റുപോലെ പാറിപ്പോയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2018ലെ 100 എന്ന മാന്ത്രിക സംഖ്യയുടെ ഏഴയലത്ത് പോലുമെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തോല്‍വിയുടെ ആഘാതത്തിലുള്ള കോണ്‍ഗ്രസ് ക്യാമ്പില്‍ തോല്‍വിയുടെ ഉത്തരവാദിത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളാകും രാജസ്ഥാന്‍ കോണ്‍ഗ്രസിലെ കലഹങ്ങളുടെ അടുത്ത ഘട്ടം.