പെണ്‍കരുത്തിന്റെ നിലയ്ക്കാത്ത ശബ്ദമാണ് മലാല യൂസഫ് സായ്. തീവ്രവാദത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് വെടിയുണ്ടകള്‍ ഏറ്റ് മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ധീരയായ പെണ്‍കുട്ടി മലാലയുടെ പിറന്നാള്‍ ദിനമാണിന്ന്.
2012 ഒക്ടോബര്‍ 9, സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മലാല യൂസഫ്സായിക്ക് നേരെ ആയുധധാരികള്‍ വെടിയുതിര്‍ത്തു.മലാലയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഇരുണ്ട ദിനമായിരുന്നു അന്ന്.
പാക്കിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് തന്റെ ഉറച്ച വാക്കുകളിലൂടെ അവകാശം നേടിയെടുത്ത ധീരയായ പെണ്‍കുട്ടി തീവ്ര വാദികളുടെ തോക്കിനുമുന്നില്‍ പതറിയില്ല. ഓരോ വെടിയുണ്ടുകള്‍ പതിക്കുമ്പോഴും മലാല കൂടുതല്‍ ശക്തി പ്രാപിച്ച് ലോകത്തിന് മുന്നില്‍ അടിയുറച്ചവളായി മാറുകയായിരുന്നു.
അന്ന് അവള്‍ക്ക് വയസ്സ് പതിനഞ്ച്. അശ്ലീലതയുടെ എത്രയും വേഗം അവസാനിപ്പിക്കേണ്ട പുതിയൊരു അദ്ധ്യായമെന്നാണ് അന്ന് വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാന്‍ വക്താവ് മലാലയെ വിശേഷിപ്പിച്ചിരുന്നത്. അടി പതറാതെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലാലയ്ക്ക് 2014 ല്‍ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം സമ്മാനിച്ചു.
മലാലയെ ധീര വനിതയാക്കിയതില്‍ ഏറെ പങ്കും മലാലയുടെ പിതാവിന് ഉണ്ടായിരുന്നു. വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയാക്കിയതും വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് മലാല പൊതുവേദിയില്‍ സംസാരിച്ചു തുടങ്ങിയതിലും ഏറെ പങ്കും പിതാവ് സിയാവുദ്ധീന്‍ യൂസഫിനാണ്. മാലാലയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2012 നവംബര്‍ 10 അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു തുടങ്ങി.