ചിത്രത്തിന് കടപ്പാട്: Vaikoovery
പ്രശസ്ത സംഗീതസംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി ഓര്‍മയായിട്ട് ഇന്നേക്ക് 10 വര്‍ഷം. 125ലധികം സിനിമകളിലെ ഗാനങ്ങള്‍ക്ക് ഇദ്ദേഹം സംഗീതംപകര്‍ന്നിട്ടുണ്ട്.
മലയാളികളുടെ സംഗീത സംസ്‌കാരത്തില്‍ ചലച്ചിത്ര പിന്നണിഗാനങ്ങളിലൂടെ ശാസ്ത്രീയ സംഗീതത്തിന്റെ ഉദാത്തഭാവത്തെ നിക്ഷേപിച്ചെന്നതാണ് വി ദക്ഷിണാമൂര്‍ത്തി നിര്‍വ്വഹിച്ച ദൗത്യം.
അരനൂറ്റാണ്ടില്‍ അദ്ദേഹം 125ലധികം സിനിമകളിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.1919 ഡിസംബര്‍ 22ന് ആലപ്പുഴയിലായിരുന്നു ജനനം.ഡി വെങ്കടേശ്വര അയ്യരും പാര്‍വ്വതി അമ്മാളും മാതാപിതാക്കള്‍.അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും പിന്നീട് കീര്‍ത്തനങ്ങളും വി ദക്ഷിണാമൂര്‍ത്തി വശത്താക്കിയത്.
1950ല്‍ കുഞ്ചാക്കോ നിര്‍മിച്ച നല്ലതങ്ക എന്ന് സിനിമയിലൂടെയാണ് സ്വാമി എന്ന് വിളിക്കപ്പെടുന്ന ദക്ഷിണാമൂര്‍ത്തി ചലച്ചിത്രസംഗീത സംവിധാന ലോകത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത്.ആ ചിത്രത്തിലെ നായകന്‍ ഗാനഗന്ധര്‍വനായ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫായിരുന്നു.
ചിത്രത്തില്‍ അഗസ്റ്റിന്‍ ജോസഫ് ഗാനം ആലപിക്കുകയും ചെയ്തു.അഗസ്റ്റിന്‍ ജോസഫ്,യേശുദാസ്,യേശുദാസിന്റെ മകന്‍വിജയ് യേശുദാസ് എന്നിവര്‍ തന്റെ സംഗീതസംവിധാനത്തില്‍ പാടിയെന്നത് വി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അപൂര്‍വ്വതയാണ്.
സ്വാമിയുടെ സംവിധാനത്തില്‍ യേശുദാസ് ഭാവവും സ്വരവും പകര്‍ന്ന ഗാനങ്ങള്‍ ചലചിത്രഗാനശാഖയില്‍ അനശ്വരതയെ പുല്‍കിയവയാണ്.സ്വപ്‌നങ്ങള്‍,സ്വപ്‌നങ്ങളേ,പാട്ടുപാടിയുറക്കാം ഞാന്‍,ഉത്തരാസ്വയംവരം,കാട്ടിലെ പാഴ്മുളം തുടങ്ങിയവ അവയില്‍ ചിലതുമാത്രം.2008ലാണ് അദ്ദേഹം അവസാനമായി സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. ശ്രുതി ചേര്‍ന്ന രാഗം പോലെയായിരുന്നു സ്വാമിയുടെ ജീവിതം.ശുദ്ധരാഗം പോലെ സൗന്ദര്യമാര്‍ന്ന ജീവിതം.കീര്‍ത്തനസമാപനം പോലെ സ്വന്തം ജീവിതത്തെ സന്ദേശമാക്കി തന്റെ 94 ആം വയസില്‍ സ്വാമി ജീവിതത്തില്‍ നിന്നും വിടചൊല്ലി.