ടെലിഫോണിന്റെ പിതാവായ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ ഓര്‍മദിനം ഇന്ന്. കേള്‍വി സംസാര ശക്തിയെക്കുറിച്ചുള്ള പഠനങ്ങളാണ് ഗ്രഹാംബെല്ലിനെ ടെലിഫോണിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.
'വാട്‌സണ്‍ ഒന്നിവിടെ വരൂ...'ആദ്യമായി കമ്പിച്ചുരുളുകളിലൂടെ സഞ്ചരിച്ച് ഗ്രഹാംബെല്ലിന്റെ ശബ്ദം വാട്ട്‌സണെ തേടിയെത്തിയപ്പോള്‍ വാര്‍ത്താവിനിമയ രംഗത്ത് പുതുയുഗം പിറക്കുകയായിരുന്നു. ഇതോടെ അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ ചരിത്രത്തില്‍ അനശ്വര സ്ഥാനം നേടി.ടെലിഫോണിനെക്കുറിച്ച് സങ്കല്‍പിക്കാന്‍ കഴിയാത്ത ഒരു കാലഘട്ടത്തില്‍ നിരന്തര പരീക്ഷണത്തിലൂടെയും ആത്മാര്‍ത്ഥ പരിശ്രമത്തിലൂടെയുമായിരുന്നു അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ കണ്ടുപിടുത്തം.
സ്‌കോട്ട്‌ലണ്ടിലെ എഡിന്‍ബറോയില്‍ 1847 മാര്‍ച്ച് മൂന്നിനായിരുന്നു ജനനം. ചെറുപ്പം മുതല്‍ പരീക്ഷണങ്ങളോടും കണ്ടുപിടുത്തങ്ങളോടും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍. ഒപ്പം കല,കവിത,സംഗീതം എന്നിവയിലും താല്‍പര്യം ഉണ്ടായിരുന്നു.ബെല്ലിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും കേള്‍വിശക്തി കുറയുന്ന അസുഖം ബാധിച്ചിരുന്നു.
ഇത് അ്‌ദ്ദേഹത്തെ വല്ലാതെ ഉലച്ച ഒരു പ്രശ്‌നമായിരുന്നു.അദ്ദേഹം കൈകൊണ്ടുള്ള ഒരു ഭാഷ പഠിച്ച് അമ്മയുടെ അടുത്തിരുന്ന് അവിടെ നടക്കുന്ന സംഭാഷണങ്ങള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. മാത്രമല്ല അമ്മയുടെ നെറ്റിയില്‍ സംസാരിക്കാനുള്ള ഒരു വിദ്യയും അദ്ദേഹം വികസിപ്പിച്ചെടുത്തു.
ഇങ്ങനെ സംസാരിക്കുമ്പോള്‍ അവര്‍ക്ക് അത്യാവശ്യം നല്ല രീതിയില്‍ കേള്‍ക്കാമായിരുന്നു. അമ്മയുടെ കേള്‍വിക്കുറവിനോടുള്ള വൃഗ്രതയാണ് അദ്ദേഹത്തെ ശബ്ദക്രമീകരണശാസ്ത്രം പഠിക്കാന്‍ പ്രേരിപ്പിച്ചത്. 1876ല്‍ അദ്ദേഹം ടെലിഫോണിന്റെ യു എസ് പേറ്റന്റ് നേടി. 1881ല്‍ ഫ്രാന്‍സിന്റെ വോള്‍ട്ട പുരസ്‌കാരം ലഭിച്ചു. 75ആം വയസില്‍ 1922 ഓഗസ്റ്റ് രണ്ടിന് കാനഡയിലെ നോവ സ്‌കോട്ടിയയില്‍ വച്ചായിരുന്നു അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ അന്ത്യം