Share this Article
News Malayalam 24x7
വയനാട്ടിലെ ദുരന്തം ബാക്കിയാക്കിയത്
1 min read
Wayanad Landslide

അമ്മേ..... മറുപടിക്കായി കാതോർത്തുള്ള വിളികൾ, എവിടെ ആയിരുന്നാലും ഒരു ദിവസം അമ്മയെയും അച്ഛനെയും വിളിക്കാതെ കടന്നുപോകാറുണ്ടോ, ഒരു തവണ എങ്കിലും വീട്ടിൽ  വിളിച്ച്  സങ്കടമായാലും  സന്തോഷമായാലും നമ്മള്‍ പങ്കിടാറില്ലേ...   അമ്മയോ അച്ഛനോ സഹോദരങ്ങളോ സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരു അവസ്ഥയെപ്പറ്റി എപ്പോഴെങ്കിലും  ചിന്തിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കണം. ആ വിളി കേൾക്കാനോ മറുപടി പറയാനോ ആരുമില്ല.സന്തോഷങ്ങൾ പങ്കിടാൻ ഒന്ന് സങ്കടം പറയാൻ ഒന്ന് കെട്ടിപ്പിടിക്കാൻ ഓടി എത്തുമ്പോൾ സഹോദരങ്ങളില്ല,ചുറ്റിലും ഇരുട്ട് മാത്രം വെറും ശൂന്യത....

വയനാട് മുണ്ടകൈയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ചത് നൂറുകണക്കിന് ആളുകൾ, ഇനിയും കണ്ടുകിട്ടാനുള്ളത് എത്രയോ പേരെ ... ഒരു രാത്രി കൊണ്ട്  മലവെള്ളമെടുത്ത രണ്ട് ഗ്രാമങ്ങൾ,മരണം മലയിറങ്ങിയ ആ രാത്രി.

ആരുടെയൊക്കെയോ ആരെല്ലാമോ ആയിരുന്നവരല്ലേ മണ്ണോടു മണ്ണടിഞ്ഞു പോയത്. സന്തോഷവും കളിചിരികളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെയായി അവർ ജീവിച്ചിരുന്ന  വീടുകൾ എവിടെ. എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ മാഞ്ഞു പോയിരിക്കുന്നു. 

'ഇവിടെ ഉരുള്‍പൊട്ടിയിട്ടുണ്ട് ,വീട്ടിലൊക്കെ വെള്ളം കയറിയിട്ടുണ്ട്, ആരോടേലും ഒന്നുപറഞ്ഞിട്ട് ഞങ്ങളെ ഒന്നു രക്ഷപ്പെടുത്ത് സാറേ'... ഈ വാക്കുകള്‍ ആരും മറക്കാനിടയില്ല, ഉരുള്‍പൊട്ടലില്‍ ഭയന്നുവിറച്ച നീതുവിന്റെ വാക്കുകളാണിവ.ഉരുള്‍പൊട്ടിയ വിവരം രാത്രി  വിളിച്ചറിയിച്ച നീതു ഇന്ന് ജീവനോടെയില്ല, കിട്ടിയത് മൃതശരീരം മാത്രം. നീതുവും ഭര്‍ത്താവും കുടുംബവും താമസിച്ചിരുന്ന വീട് ഇന്നില്ല ഉള്ളത് അവശിഷ്ടങ്ങള്‍ മാത്രം. ഇതൊന്നും കാണാനുള്ള ശക്തിയില്ല എന്ന് പറഞ്ഞ് മരവിച്ച മനസുമായി നീതുവിന്റെ ഭര്‍ത്താവ് ജോജോ ആ വീടിനുമുന്നില്‍ നില്‍ക്കുന്നതു കാണുമ്പോള്‍ കണ്ട് നില്‍ക്കുന്നവരുടെ മനസ് ഒന്നിടറും.

വീടിനു വേണ്ടി, ജീവിക്കാൻ വേണ്ടി  അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെട്ട് സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി ഓടിയെത്തിയ നൗഫലിനെ കാത്തിരുന്നത് നെഞ്ച് പിളർക്കും കാഴ്ചകൾ. വീടിരുന്ന സ്ഥലത്ത് പൊടിപോലുമില്ല, പ്രിയപ്പെട്ടവർ ആരുമില്ല, ഉപ്പയും ഉമ്മയും ഭാര്യയും മൂന്നു മക്കളും സഹോദരനെയും കുടുംബത്തെയും അടക്കം നൗഫലിന്റെ നഷ്ടമായത് പതിനാറുപേരെ.. അയാൾ മാത്രം ഒറ്റക്കായി, ഇത്രയും കാലം ആർക്കുവേണ്ടിയാണോ കഷ്ടപ്പെട്ടത് അവരാരും ഇന്ന് നൗഫലിന്റെ കൂടെ ഇല്ല , കുടുംബത്തോടൊപ്പം ജീവിക്കാൻ  ഓടി വന്ന  ഈ മനുഷ്യനെ ആർക്ക് എന്ത് പറഞ്ഞ് ആണ് ആശ്വസിപ്പിക്കാനാവുക,ആശ്വസിപ്പിക്കാൻ ആരാണ് ബാക്കി ഉള്ളത്...

പതിനൊന്ന്‌ പേരടങ്ങുന്ന വീട്ടിൽ നിന്ന് പറിച്ച് മാറ്റപ്പെട്ടപോലെ ഒറ്റക്കായി പോയ ഷംസു.. എനിക് ആരുമില്ല സാറേ എല്ലാവരേം പടച്ചോൻ കൊണ്ട് പോയി എന്ന് പറഞ്ഞ് നെഞ്ച് പൊട്ടി കരയുന്ന ഷംസു.... മലവെള്ളം വന്നാൽ സുരക്ഷിതരായിരിക്കുമെന്ന് കരുതി അവർ മാറിയ ആ  വീടും അവരെയും  മാത്രം ആ പാടിയിൽ നിന്ന് തുടച്ച് നീക്കിയ ആ രാത്രി... മോനെ പ്രശ്നങ്ങൾ ഒന്നുമില്ല ഞങ്ങള്‍ സേഫ് ആണെന്ന് ഉപ്പയും കുടുംബവും  പറഞ്ഞത് കേട്ട്  ആശ്വസിച്ച്   ഉറങ്ങാൻ കിടന്ന ബസ് ഡ്രൈവർ ഷംസുവിനെ തേടി എത്തിയത് ദുരന്ത വർത്ത, ഞെട്ടി എണീറ്റ് ആ രാത്രി ഫോണിൽ വിളിച്ചിട്ടും ആരെയും കിട്ടുന്നില്ല,എന്ത് ചെയ്യും... ആറ് പേരുടെ  മയ്യത്ത് പോലും എനിക് കിട്ടിയില്ല എന്നാണ് നെഞ്ച് പൊട്ടി ഷംസു പറഞ്ഞത്. കുടുംബം അവസാനമായി കഴിഞ്ഞിരുന്ന ആ പാടിയിൽ  പോയ ഷംസുവിന് കിട്ടിയത് ദുരന്തം അവശേഷിപ്പിച്ച രേഖകളും ചിത്രങ്ങളും കുറച്ച് കളിപ്പാട്ടങ്ങളും മാത്രം..... 

കല്യാണത്തിനായി ഒരുങ്ങിയ ആ പുതിയ  വീട്ടിൽ സന്തോഷവും കളിചിരികളും മാത്രമായിരുന്നു,ഇപ്പോൾ ആ വീടിരിക്കുന്ന സ്ഥലത്ത് ഒരു കല്ല് മാത്രം, ഈ വീടും  അച്ഛനെയും അമ്മയെയും അനിയത്തിയെയും അടക്കം ഒന്‍പത്‌ പേരെ ദുരന്തം  കൊണ്ട് പോയി, അവിടെ  ഒറ്റക്കായി പോയ ശ്രുതി,ആകെ അവൾക് കിട്ടിയത് അനിയത്തിയുടെ മൃതശരീരം മാത്രം. ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു ശ്രുതിയുടെ വീടിൻ്റെ പാലുകാച്ചലും വിവാഹ നിശ്ചയവും , കുറേ വർഷത്തെ പ്രണയമായിരുന്നു, ഇപ്പോൾ ശ്രുതിക്ക് ആകെ ഉള്ളത് പ്രതിശ്രുത വരൻ ജെൻസൺ മാത്രം. ജെൻസൺ ശ്രുതിയോടോപ്പം എപ്പോഴും കൂടെ ഉണ്ട് , ആരു എന്തും പറഞ്ഞോട്ടെ ശ്രുതി എൻ്റെ പെണ്ണാണ് അവൾടെ കൂടെ ഞാൻ ഉണ്ട് എന്ന് പറഞ്ഞ് ദുരന്തം തകർത്തെറിഞ്ഞ  ശ്രുതിയെ ചേർത്തുപിടിക്കുകയാണ് ഈ ചെറുപ്പക്കാരൻ.

 പനി പിടിച്ച് സുഖമില്ലാതിരുന്ന മകളെ നെഞ്ചോട് ചേർത്ത്  നൗഷിബ ഉറങ്ങിയ  ആ രാത്രി , മുറുകെ പിടിച്ചിട്ടും മലവെള്ളം മകളെ കൊണ്ട് പോയ ആ രാത്രി , എല്ലാം വളരെ പെട്ടെന്നായിരുന്നു എനിക്ക്‌ ഒന്നും ചെയ്യാൻ പറ്റിയില്ല, എൻ്റെ കയ്യിൽ നിന്നു തട്ടി തെറിപ്പിച്ചാണ്  എൻ്റെ കുഞ്ഞിനെ കൊണ്ട് പോയത് എന്ന്  നൗഷിബ പറഞ്ഞ് കരയുമ്പോൾ  കേട്ട് നിൽക്കുന്നവരുടെ നെഞ്ച് പൊട്ടും.. ഒന്നും പറയാൻ പോലും അവർക്കാവുന്നില്ല,നൗഷിബയ്ക്ക് അന്ന് നഷ്ടമായത് നൊന്തുപെറ്റ മകളെയും  സ്വന്തം ഉമ്മയെയും . ഭർത്താവിനും ഗുരുതര പരിക്കുകളാണ് ദുരന്തം സമ്മാനിച്ചത്. ഒരു മകളെ ജീവനോടെ കിട്ടി, ജീവനറ്റ മകളുടെ മൃതദേഹം മാത്രം കണ്ടൂ എന്ന് പറയുമ്പോൾ  നെഞ്ച് പൊട്ടുന്ന വേദന ഈ അമ്മയുടെ ആ കണ്ണുകളിൽ  കാണാം ....

മുത്തശ്ശിയോടൊപ്പം കിടന്നുറങ്ങിയ ആ  ആറ് വയസുകാരൻ, മലവെള്ളം ഇരച്ചെത്തിയപ്പോൾ ആദ്യം സ്വപ്നമാണെന്നാണ് കുഞ്ഞു  ഹയാൻ കരുതിയത്‌. എന്താണ് സംഭവിക്കുന്നത് പോലും ആ കുഞ്ഞിന്‌ മനസ്സിലായില്ല, മലവെള്ളം അവനെ കൊണ്ടുപോയപ്പോൾ അവനു രക്ഷപ്പെടാൻ പിടികിട്ടിയത് ഒരു കിണറിൻ്റെ കമ്പി, ആ  കമ്പിയിൽ തൂങ്ങിപ്പിടിച്ച് കിടന്ന ഹയാനെ രക്ഷിച്ചതും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ ഒരു മനുഷ്യൻ. നാല്‍പ്പത്‌  ദിവസം  മാത്രം പ്രായമുള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത്  മരണത്തിൽ നിന്ന് നീന്തി കയറിയ ഹയാന്റെ ഉമ്മ തൻസീറ, കഴുത്തോളം വെള്ളത്തിൽ നിന്ന് എങ്ങനെ ആവും ആ ഉമ്മ ആ പൊടികുഞ്ഞിനെയും കൊണ്ട് രക്ഷപ്പെട്ടത് , ആ  ഒരു നിമിഷം ചിന്തിക്കാനാവുമോ ? 

മലവെള്ളപ്പാച്ചിലിൽ നിന്ന് കൊച്ചുമകളെയും കൊണ്ട് ഓടി രക്ഷപ്പെട്ട്‌ ആനയുടെ മുന്നിലകപ്പെട്ട ഒരു അമ്മൂമ്മയുടെ വാക്കുകൾ കേരളക്കര മുഴുവൻ കേട്ടതാണ്, കഴുത്തോളം മുങ്ങിയ വെള്ളത്തിൽ നിന്നു രക്ഷപ്പെട്ട്‌ ഓടി എത്തിയത് ആനയുടെ മുന്നിൽ.ഞങ്ങളെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞ് കരഞ്ഞപ്പോൾ ആന വരെ കരയുന്നതാണ് കണ്ടത് എന്നാണ് അവർ പറഞ്ഞത്, നേരം വെളുക്കുന്നത് വരെ ആനയുടെ അടുത്താണ് കിടന്നതെന്ന്‌ അവർ പറയുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിച്ചവരായിരിക്കും നമ്മളില്‍ പലരും.

മനുഷ്യർ മാത്രമല്ല ഉടമയെ അന്വേഷിച്ച്‌ നടന്ന ഒരു നായയെ ദുരന്ത ഭൂമിയിൽ നമ്മൾ കണ്ടതാണ് , ആ  നായയെ പോലെ അതിൻ്റെ ഉടമയെ ഒന്ന് തിരികെ കൊടുക്കണേ എന്ന് ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും. ജീവനോടെ തിരിച്ച് വന്ന ഉടമയെ കണ്ട് കരയുകയും സ്നേഹപ്രകടനം നടത്തുകയും ചെയ്യുന്ന ആ നായയുടെ ദൃശ്യങ്ങള്‍ കാണുമ്പോൾ തന്നെ കണ്ട് നിൽക്കുന്നവരുടെ കണ്ണ് നിറയും.. 

എനിക്ക് ഇനി ആരുമില്ല എല്ലാവരെയും ദുരന്തം കൊണ്ട് പോയി എന്ന് തിരിച്ചറിയാൻ പോലും പ്രായമാകാത്ത മൂന്നാം ക്ലാസുകാരി, ആശുപത്രിയിൽ കഴിയുന്ന അവൾക്ക്‌ അറിയില്ലല്ലോ തന്നോട് കൂട്ടുകൂടിയ ജീവനു തുല്യം സ്നേഹിച്ച ചേട്ടനും അച്ഛനും അമ്മയും ഒന്നും ഇന്നീ ലോകത്തില്ലയെന്ന്.  

എൻ്റെ കയ്യിൽ നിന്നാണ് അമ്മയും അനിയത്തിയും വെള്ളത്തിനടിയിലേക്ക് പോയത് ,എനിക് അവരെ രക്ഷിക്കാനായില്ല എന്ന് പറഞ്ഞ് കരയുന്ന മനുഷ്യർ.കൺമുന്നിലൂടെ ഒലിച്ച് പോകുന്ന ജീവനുകൾ,രക്ഷിക്കണമെന്നുണ്ട് പക്ഷെ  നിസ്സഹായരായി നിൽക്കാനേ ആ രാത്രി കഴിയുമായിരുന്നുള്ളൂ എന്ന് വിലപിക്കുന്ന മനുഷ്യര്‍.

കേൾക്കുമ്പോൾ കെട്ടുകഥകൾ പോലെ വിചിത്രം അല്ലെ .... ഇതൊന്നും കഥകളല്ല പച്ചയായ യാഥാർത്ഥ്യങ്ങൾ.അമ്മ ഇതൊന്നോ അച്ഛൻ ഇതെന്നോ  പോലുമറിയാതെ ശരീരാവയവങ്ങൾ നോക്കി തിരിച്ചറിയേണ്ട അവസ്ഥ, വിരലുകൾ കണ്ട് ഇതാണ് എന്റെ അമ്മ, ഇതാണ് എൻ്റെ അനിയൻ  എന്ന് തിരിച്ചറിഞ്ഞ്  അതൊന്ന് പറയാൻ പോലും പറ്റാതെ കണ്ണുനീർ വറ്റി വരണ്ടു പോയ മനുഷ്യർ.  ഒരു കുടുംബത്തില്‍ ഇത് എൻ്റെ അച്ഛനാണെന്നോ എൻ്റെ മക്കളാണെന്നോ  പറയാനും തിരിച്ചറിയാനും പോലും   ആരെയും ബാക്കി വെക്കാത്ത നെഞ്ച് വിങ്ങും കാഴ്ചകൾ. തിരിച്ചറിയപ്പെടാതെ ജനിച്ച നാടിനും നാട്ടുകാർക്കും അറിയാതെ എവിടെയോ മണ്ണിനടിയിൽ പുതഞ്ഞു പോയവര്‍.  ഒറ്റ നിമിഷം കൊണ്ട് അനാഥരായവർ..  ഇത് കൊണ്ടൊന്നും തീരുന്നില്ല, മണ്ണോടു  മണ്ണായത് നൂറു നൂറു ജീവിതങ്ങൾ.  ഓരോരുത്തർക്കും പറയാനുണ്ട്  നഷ്ടങ്ങളുടെ, തീരനഷ്ടങ്ങളുടെ നെഞ്ച് പിടക്കും യാഥാർത്ഥ്യങ്ങൾ.

മരിച്ചർ മരിച്ചു, മരിച്ച് ജീവിക്കുന്നവരെ എങ്ങനെ ആണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരിക. പുതിയ വീട് കൊടുക്കാം,വായ്പകൾ എഴുതി തള്ളാം, മറ്റു സഹായങ്ങൾ ചെയ്യാം, കൗൺസലിംഗ് കൊടുക്കാം...ഈ കോലാഹലങ്ങളും ബഹളങ്ങളും കഴിഞ്ഞ് എല്ലാവരും പോകും, അവിടെ കാതോർത്താൽ കേൾക്കാൻ പറ്റും  ദുരന്തം ബാക്കി വെച്ച ഒറ്റക്കായി പോയവരുടെ നെഞ്ച് പറിയും നിലവിളികൾ,മരിച്ച് ജീവിക്കുന്നവർ....

ദുരന്തം ഓർക്കാതെ ഇരിക്കുക എന്നതാണ് ഏറ്റവും വലിയ അതിജീവനം എന്ന് ദുരന്തം അഭിമുഖീകരിച്ച ഒരു മനുഷ്യൻ പറയുന്നത് കേട്ടു. അതെ അല തള്ളി വന്ന തിരമാല പോലെ എല്ലാം അടിച്ച്  തകർത്ത് അതിൽ ബാക്കിയായ  ജീവിതങ്ങൾ, അവർക്ക് ഇനി എന്താണ് ബാക്കിയുള്ളത്. ഒരു ആയുസിൽ നഷ്ടങ്ങളുടെ കണക്ക് മാത്രം എഴുതാൻ വിധിക്കപ്പെട്ടവർ. വിധിയെ പഴിച്ചു ജീവിക്കാം പക്ഷെ എത്ര നാൾ, അവർക്ക് ഇനിയും ജീവിക്കണം, പുതിയ ഒരു ജീവിതത്തിലേക്ക് അവർ ചുവടുവെക്കണം, ഒരു പ്രതീക്ഷ ജീവിക്കാൻ തോന്നുന്ന ഒരു പ്രതീക്ഷ അവർക്കായി  മാത്രം പുനർജനിക്കട്ടെ...... 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories