പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഇന്നേക്ക് 14 വര്‍ഷം.ബാബ്‌റിമസ്ജിദ് തകര്‍ന്ന സമയത്ത് സംയമനത്തിന്റെയും ക്ഷമയുടെയും സന്ദേശം പ്രചരിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു പാണക്കാട് തങ്ങള്‍.
14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിന് നഷ്ടമായത് സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മൂര്‍ത്തരൂപത്തെയാണ്. പാണക്കാട് മുഹമ്മദലിശിഹാബ് തങ്ങള്‍ ലോകത്തോട് വിടപറഞ്ഞപ്പോള്‍ കേരളക്കരയുടെ നെഞ്ചാണ് പിടഞ്ഞത്. രാഷ്ട്രീയനേതാവായോ സമുദായത്തിന്റെയോ ആത്മീയതയുടേയോ നേതാവായല്ല ലോകം അദ്ദേഹത്തെ കണ്ടിരുന്നത്.പരിചയപ്പെടുന്ന ആര്‍ക്കും ആ മുഖവും ശബ്ദവും മറക്കാനാകില്ല.അത്തരത്തിലുള്ള ദിവ്യപ്രഭാവമാണ് ആ വലിയ മനുഷ്യനില്‍ ലോകം കണ്ടത്.
1975 സെപ്തംബര്‍ 1 മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ കേരള അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു. പിതാവായ പൂക്കോയ തങ്ങളുടെ മരണത്തെ തുടര്‍ന്നാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത്.ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന അധ്യക്ഷനായി ഏറ്റവും കൂടുതല്‍ കാലം പൂര്‍ത്തിയാക്കിയ ആള്‍ എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന് മാത്രം സ്വന്തം.
മൂന്നരദശാബ്ദക്കാലമാണ് പാണക്കാട് തങ്ങളെന്ന വിശുദ്ധമായ പദവി മുഹമ്മദലി ശിഹാബ് തങ്ങള്‍ നിലനിര്‍ത്തിയത്. 1936 മെയ് നാലിന് പാണക്കാട് അഹമ്മദ് പൂക്കോയതങ്ങളുടെ മൂത്ത മകനായാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. സമൂഹത്തിലുണ്ടായിരുന്ന തര്‍ക്കങ്ങളും വിരോധങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രധാന ഇടംകൂടിയായിരുന്നു കൊടപ്പനയ്ക്കല്‍ തറവാട്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന കാലഘട്ടത്തിലും ചെളി പുരളാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏറ്റവും മഹത്തായ രാഷ്ട്രസേവനം ബാബ്‌റിമസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് അദ്ദേഹം തന്റെ സമുദായത്തിന് നല്‍കിയ സംയമനത്തിന്റെയും ക്ഷമയുടെയും സഹിഷ്ണുതയുടെയും സന്ദേശമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദേശീയ ദുരന്തങ്ങളിലൊന്നായിരുന്നു ബാബ്‌റി മസ്ജിദിന്‌റെ തകര്‍ച്ച. അതില്‍ ഹൃദയം നൊന്ത് മുറിഞ്ഞെഴുന്നേറ്റ ഒരു വലിയ സമുദായത്തിന്റെ അമര്‍ഷം ഒരു പക്ഷെ ശിഹാബ് തങ്ങളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ രക്തച്ചൊരിച്ചിലായി മാറിയേനെയെന്ന് പില്‍ക്കാലത്ത് വിലയിരുത്തുന്നവരുണ്ട്.
മലബാറില്‍ വ്യാപകമായ പരിപാടികളോടെയാണ് മുസ്ലിംലീഗ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിക്കുന്നത്.കൊടപ്പനക്കുന്നിലെ പൂനിലാവ് മറഞ്ഞദിനമെന്നാണ് ഓഗസ്റ്റ് 1 അറിയപ്പെടുന്നത്.