സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ പാലക്കാടും ചേലക്കരയിലും പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരൻമാർ കളംപിടിച്ചിരിക്കുകയാണ്. ഇത്തവണ അപരൻമാർ ആരെയെല്ലാം വീഴ്ത്തും എന്നറിയാൻ നവംബർ 23 വരെ കാത്തിരിക്കണമെങ്കിലും കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അപരക്കെണിയിൽ അടിതെറ്റിയവർ ഏറെയാണ്.
അപരക്കെണിയിൽ വീണ വി.എം.സുധീരൻ
കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അപരക്കെണിയിൽ കുടുങ്ങി കടപുഴകി വീണ പ്രമുഖ നേതാക്കൾ ഒരുപാടുണ്ട്. സംസ്ഥാനം എന്നും ഓർക്കുന്ന അപരൻ്റെ അട്ടിമറി നടന്ന ലോക്സഭ തെരഞ്ഞെടുപ്പായിരുന്നു 2004ലേത്.അന്ന് ആലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് വി.എം സുധീരനാണ് അപരക്കെണിയിൽ കുടുങ്ങി പരാജയത്തിൻ്റെ കയ്പ് നീർ കുടിച്ചത്.1009 വോട്ടിന് ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എസ്.മനോജിനോട് വി.എം.സുധീരൻ തോറ്റപ്പോൾ വി.എം സുധീരൻ്റെ അപരൻ എസ്.സുധീരൻ നേടിയത് 8282 വോട്ടാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ട് പിടിച്ച അപരനും എസ്.സുധീരനാണ്.
മുഹമ്മദ് റിയാസിൻ്റെ തോൽവി ഉറപ്പിച്ച അപരന്മാർ
2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അപരൻമാർ പണി കൊടുത്തത് ഇന്നത്തെ പൊതുമരാമത്ത് മന്ത്രിയായ പി.എ.മുഹമ്മദ് റിയാസിനായിരുന്നു. 2009 ൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ.രാഘവനോട് കോഴിക്കോട് പാർലിമെൻ്റ് മണ്ഡലത്തിൽ റിയാസ് പരാജയപ്പെടുന്നത് 833 വോട്ടിനാണ്. അന്ന് മുഹമ്മദ് റിയാസിൻ്റെ നാല് അപരൻമാർ ചേർന്ന് പിടിച്ചത് 6371 വോട്ട്.
പച്ചേനിക്ക് പണി കൊടുത്തതും അപരൻമാർ
2009 ൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനിയും അപരൻമാർ പിടിച്ച വോട്ടുകൾക്ക് മുന്നിൽ തോൽവിയറിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.രാജേഷിനോട് 1820 വോട്ടിനാണ് സതീശൻ പാച്ചേനി അടിയറവ് പറഞ്ഞപ്പോൾ അപരൻ സതീശൻ നേടിയത് 5478 വോട്ട്.
വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് എതിരാളികളുടെ വോട്ട് കുറയ്ക്കാൻ മുന്നണികൾ തന്നെയാണ് അപരൻമാരെ രംഗത്തിറക്കുന്നത് എന്നതും പരസ്യമായ രഹസ്യമാണ്.