ഇന്ത്യയിലെ ആദ്യത്തെ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നിട്ട് ഇന്നേക്ക് 29 വര്‍ഷം. ഡോ പി വേണുഗോപാലാണ് രാജ്യത്തെ തന്നെ ആദ്യ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
നിങ്ങളുടെ അവയവങ്ങള്‍ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകേണ്ട.ദൈവത്തിനറിയാം അവയുടെ ആവശ്യം ഭൂമിയിലുണ്ടെന്ന്. മരണത്തിന് ശേഷവും സ്വന്തം ജീവന്‍ മറ്റൊരാള്‍ക്കായി പകുത്തുകൊടുക്കുകയാണ് അവയവദാനത്തിലൂടെ ഒരാള്‍ ചെയ്യുന്നത്. അതിനേക്കാള്‍ വലിയ നന്മയില്ല. ആദ്യത്തെ ഹൃദയംമാറ്റിവെക്കല്‍ശസ്ത്രക്രിയയുടെ 29ആം വര്‍ഷം ഓര്‍മപ്പെടുത്തുന്നത് അവയവദാനത്തിന്റെ മഹത്വം കൂടിയാണ്.
1994ന് മുമ്പ് ഇന്ത്യക്കാര്‍ക്ക് ഹൃദയം മാറ്റിവെക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗം വിദേശത്തേക്ക് പോകുകയെന്നത് മാത്രമായിരുന്നു.ഹൃദ്രോഗം ബാധിച്ച മിക്ക രോഗികള്‍ക്കും ഈ ചെലവ് താങ്ങാന്‍ പോലും പറ്റാത്ത ഒന്നായിരുന്നു. അവയവങ്ങള്‍ മാറ്റിവെക്കല്‍ ബില്ലിന് 1994 ജൂലൈ 7ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ശസ്ത്രക്രിയാ വിദഗ്ധര്‍ അതേവര്‍ഷം ഓഗസ്റ്റ് മൂന്നിന് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഇന്ത്യയുടെ ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
അന്ന് എയിംസിലെ കാര്‍ഡിയോ തൊറാസിക് സെന്ററിന്റെ മേധാവിയായിരുന്നു ഡോ. പി വേണുഗോപാല്‍.കാര്‍ഡിയോ മയോപ്പതി ബാധിച്ച 40കാരനായ ദേവിറാം എന്നയാള്‍ക്കാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക്ക രക്തസ്രാവം ബാധിച്ച 35 വയസുള്ള ഒരു സ്ത്രീയാണ് ദേവിറാമിനായി ഹൃദയം നല്‍കിയത്.
എല്ലാ വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ചായിരുന്നു രാജ്യത്ത് ചരിത്രം കുറിച്ച ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ.1994 ഓഗസ്റ്റ് മൂന്നിന് 59 മിനുട്ട് നീണ്ട ശസ്ത്രക്രിയയിലൂടെ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള 20 സര്‍ജന്മാരുടെ സംഘം വിജയകരമായി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി.
മസ്തിഷ്‌ക്ക രക്തസ്രാവം മൂലം മരണപ്പെടുന്നത് വരെ ദേവിറാം 15 വര്‍ഷം കൂടി ജീവിച്ചു.ഈ ശസ്ത്രക്രിയ ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി.ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ കഴിഞ്ഞ 29 വര്‍ഷത്തിനിടയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഇന്ന് തികച്ചും സാധാരണം എന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ചെലവ് ഏറ്റവും കുറവാണ്.മറിച്ചുള്ള പ്രചാരണങ്ങള്‍ പരാജിതരായ അല്‍പജ്ഞാനികള്‍ മെനഞ്ഞെടുക്കുന്ന സാങ്കല്‍പിക കഥകള്‍ മാത്രം.