പാൽ ഒരു പോഷക ആഹാരമാണെന്ന് നമ്മൾ പണ്ട് മുതൽക്കെ പഠിച്ചിട്ടുള്ളതാണ്. പാൽ എന്നാൽ പശുവിൻ പാൽ, എരുമ പാൽ, ആട്ടിൻ പാൽ അങ്ങനെ പലതരം പാലുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സൂപ്പർ മാർക്കറ്റിലോ ഓൺലൈൻ സ്റ്റോറിലോ പോയി പാൽ വാങ്ങിയാൽ പാലുകളെ എ1, എ2 എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നതായി കാണാം. എന്നാൽ ഇതിലൊന്നും വലിയ കാര്യമില്ലെന്നാണ് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിറ്റി (FSSAI) പറയുന്നത്. പാൽ ഉത്പന്നങ്ങളിൽ ഇത്തരത്തിൽ ലേബൽ ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു.
എ1, എ2 പാൽ എന്താണ്?
പാലിൽ ബീറ്റാ-കസീൻ എന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. എ1, എ2 എന്നിങ്ങനെ ഇതിന്റെ രണ്ട് തരം ഉണ്ട്. ഇതാണ് തരം തിരിവിന് കാരണം. എ2 പാൽ എളുപ്പത്തിൽ ദഹിക്കുമെന്നും കൂടുതൽ ആരോഗ്യകരമാണെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് ഇതുവരേയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമല്ല.
അതായത് എ2 പാൽ എ1 പാലിനെക്കാൾ നല്ലതാണെന്ന് തെളിയിക്കാൻ മതിയായ ശാസ്ത്രീയ തെളിവുകൾ ഇല്ല. അതുകൊണ്ടാണ് ഇത്തരത്തിൽ ലേബൽ ചെയ്യുന്നത് എഫ്എസ്എസ്എഐ നിരോധിച്ചത്. ഇത്തരത്തിൽ ലേബൽ ചെയ്യുന്നത് ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
മികച്ച പാൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
പാൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ താഴെകൊടുത്തിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
ലേബലുകൾ പരിശോധിക്കുക: വ്യക്തവും സത്യസന്ധവുമായ ലേബലുകളുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.
പോഷക മൂല്യം: കാൽസ്യം, വിറ്റാമിനുകൾ പോലുള്ള പ്രധാന പോഷകങ്ങൾ നൽകുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.
ഗുണമേന്മ: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന വിശ്വസനീയ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.