സാക്ഷരതാ ദിനം എന്നപോലെ കമ്പ്യൂട്ടര്‍ സാക്ഷരതയ്ക്കായുള്ള ദിനമാണ് ഡിസംബര്‍ 2. ഏത് വികസന പദ്ധതിയും സാധാരണ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കണം. വിവരസാങ്കേതിക വിദ്യ ദിനംപ്രതി വികസിക്കുമ്പോള്‍ അത് ജനകീയമാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്.
കമ്പ്യൂട്ടര്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തി കാലങ്ങള്‍ പിന്നിട്ടിട്ടും കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്കളില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്. ഇതില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും സ്ത്രീകള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലുമുള്ള കംബ്യൂട്ടര്‍ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജ്ജീവമാകണം. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്.
വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളര്‍ച്ചയുമാണ് ഈ ദിനത്തിലൂടെ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കുക, കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഇമെയില്‍ തയ്യാറാക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ പ്രാപ്തരായവരെയാണ് കമ്പ്യൂട്ടര്‍ സാക്ഷരരായി വിലയിരുത്തുന്നത്. കമ്പ്യൂട്ടറിലൂടെ മാത്രം വിവരങ്ങള്‍ കൈമാറുന്ന കാലത്ത് എല്ലാവരെയും അതിന് പ്രാപ്തരാക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്.
എഴുത്ത്, വായനയ തുടങ്ങി സാക്ഷരതയ്ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും കമ്പ്യൂട്ടര്‍ സാക്ഷരതയുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ ഇല്ല. അതേസമയം ഒരു കുടുംബത്തില്‍ ഒരാളെയെങ്കിലും കംപ്യൂട്ടര്‍ സാക്ഷരനാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഗവണ്‍മെന്റ് തലത്തില്‍ കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കുന്ന പദ്ധതിയാണ് അക്ഷയ പദ്ധതി. വിവരസാങ്കേതിക വിദ്യ ദിനംപ്രതി വികസിക്കുമ്പോള്‍ അത് ജനകീയമാക്കാനുള്ള ശ്രമങ്ങളിലൊന്നാണ് ഈ പദ്ധതി.