Share this Article
News Malayalam 24x7
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 30 വയസ്
The memories of Vaikom Muhammad Basheer are 30 years old today

മലയാളിക്ക് ലാളിതസാഹിത്യത്തിൻ്റെ മധുരം നിറച്ച കൃതികൾ സമ്മാനിച്ച എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്. വൈക്കം തലയോലപ്പറമ്പിൽ ജനിച്ച് സാഹിത്യലോകത്തോളം തലപ്പൊക്കത്തിലേക്ക് വളർന്ന ബഷീർ ബേപ്പൂരിന്റെ മണ്ണിൽ അന്തിയുറങ്ങുമ്പോഴും ആ നാമം വായനക്കാരുടെ ഹൃദയങ്ങളിൽ കാലാതീതമായി  ജീവിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീർ രചിച്ച ബാല്യകാലസഖി എന്ന നോവലിന് 80 വയസ് തികയുന്ന സന്ദർഭം കൂടിയാണിത്. 

30 ആണ്ടുകൾക്ക് മുമ്പ്  ഇത് പോലൊരു ജൂലൈ 5 ൻ്റെ പുലർകാലം. അതും ചൊവ്വാഴ്ച പുലർച്ചെ 1.20ന് കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ മലയാള സാഹിത്യ രംഗത്തെ ഒരു യുഗാന്ത്യം സംഭവിച്ചു. അതെ ബേപ്പൂർ സുൽത്താൻ എന്ന മലയാളിയുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ സാഹിത്യത്തിൻ്റെ ഇഹലോകത്ത് നിന്നും അനശ്വരതയുടെ ആഹിറത്തിലേക്ക് യാത്രയായ ദിനം.

ജീവിതകാലം മുഴുവൻ ആ മഹാ മനീഷിക്ക് ശീതളഛായ പകർന്ന മാങ്കോസ്റ്റിൻ മരത്തിൻ്റെ ഇലകൾ പോലും നിശ്ചലമായിരുന്നിരിക്കണം ആ പുലർകാലത്ത്. ബേപ്പൂരിലെ വൈലാലിൽ വീടിൻ്റെ ഉമ്മറത്ത് ചാരുകസേരയോട് ചേർന്ന ഗ്രാമഫോണിൽ 'സോജാ രാജകുമാരി' എന്ന ഗാനം കേൾക്കാൻ അതിൻ്റെ നാഥൻ ഇല്ലാതെയായ നിമിഷം. 

തങ്ങളെക്കുറിച്ച് പോലും ചിന്തിച്ച സഹജീവി യാത്രയായതറിഞ്ഞ് ഭൂമിയുടെ അവകാശികളായ മറ്റു ജീവികളും ദുഃഖത്തോടെ സ്തംഭിച്ചുപോയ നിമിഷം. പക്ഷേ കാലം പിന്നെയും മുന്നോട്ട് പോയി. അപ്പോഴും ബഷീർ ജീവിച്ചു. പാത്തുമ്മയുടെ ആടും,  ആനവാരിയും പൊൻകുരിശും, ബാല്യകാലസഖിയും, പ്രേമലേഖനവും, വിശ്വ വിഖ്യാതമായ മൂക്കും, ആനപ്പൂടയുമെല്ലാം ബഷീറിന് മരണമില്ലാത്ത ജീവിതം സമ്മാനിച്ചു.

ഇന്നും ബഷീർ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന മലയാളിയുടെ സ്വന്തം എഴുത്തുകാരനായി ഹൃദയങ്ങളിൽ ജീവിക്കുകയാണ്. ബഷീറിൻ്റെ ജീവിത വഴികൾ തേടി ബേപ്പൂർ വൈലാലിൽ വീട്ടിലെത്തുന്നവർക്ക് തണലേകാൻ ഇന്നും അതേ മാങ്കോസ്റ്റിൻ മരമുണ്ട്. ബഷീറിനും ഫാബി ബഷീറിനും പകരം ആതിഥേയരുടെ റോളിൽ അനീസ് ബഷീറും ഷാഹിന ബഷീറും അവിടെയുണ്ട്.

ബഷീറിൻറെ ഓർമ്മകൾ തളംകെട്ടി കിടക്കുന്ന മുറിയും സാഹിത്യ പ്രേമികൾക്കായി അവിടെ തുറന്നു കിടക്കുന്നുണ്ട്. വൈലാലിൽ എത്തുന്നവർക്ക് ബഷീറിൻ്റെ ഓർമ്മകൾ പകർന്നു നൽകാൻ അദ്ദേഹത്തിൻ്റെ ബാങ്കിംഗ് കാര്യങ്ങൾ നിർവഹിച്ചു കൊടുത്തിരുന്ന റിട്ട. എസ്.ബി.ഐ. മാനേജർ സ്നേഹപ്രകാശും ഒഴിവുസമയങ്ങളിൽ ആ വീട്ടിലെത്തും.

വൈക്കം തലയോലപ്പറമ്പിലെ പുത്തൻകാഞ്ഞൂർ തറവാട്ടിൽ 1908 ജനുവരി 21 ന് ജനിച്ച് ഗാന്ധിജിയിൽ നിന്നും ആവേശം ഉൾക്കൊണ്ട് സ്വാതന്ത്ര്യസമരസേനാനിയായി. 1930 ൽ കോഴിക്കോട് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത ജയിൽവാസമനുഷ്ഠിച്ച് ക്രൂരമർദ്ദനത്തിരയായ ബഷീർ എഴുത്തിനെ ജീവവായുവാക്കിയപ്പോൾ മലയാളിക്ക് ലഭിച്ചത് സമാനതകളില്ലാത്ത സർഗ്ഗസൃഷ്ടികളാണ്.

മൺമറഞ്ഞ് മുപ്പതാണ്ടുകൾക്ക് ഇപ്പുറവും ബഷീറിൻ്റെ സർഗ്ഗസൃഷ്ടികൾ വായിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് 80 ആണ്ടുകൾ പിന്നിടുമ്പോഴും ഏറ്റവും ജനകീയമായി നിലനിൽക്കുന്ന 'ബാല്യകാലസഖി' എന്ന നോവൽ. ബഷീറിൻ്റെ ഓർമ്മകൾക്ക്  30 വയസ് തികയുമ്പോൾ ഇത്തവണ ബാല്യകാലസഖിയുടെ 80-ാം വയസ്സുകൂടി ആചരിക്കുകയാണ് സാഹിത്യപ്രേമികൾ.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article