കേരള രാഷ്ട്രീയത്തിന്റെ ചാണക്യ തന്ത്രന്‍ കെ. എം മാണി ഓര്‍മ്മയായിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം.
ആറു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തില്‍ ഒറ്റയാനായി വിലസിയ കരുത്തുറ്റ നേതാവ്, കേരള രാഷ്ട്രീയത്തിലെ അതികായകന്‍, രാഷ്ട്രീയ തന്ത്രജ്ഞന്‍ അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് കെ എം മാണി എന്ന അടിമുടി രാഷ്ട്രീയക്കാരന്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ കര്‍ഷകദമ്പതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ് മണിയുടെ ജനനം.
കേരള കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തെ പടുകൂറ്റന്‍ വൃക്ഷമായി വളര്‍ത്തിയതില്‍ മാണി വഹിച്ച പങ്ക് ചെറുതല്ല. വളരുന്തോറും പിളരും പിളരുന്തോറും വളരും എന്ന സിദ്ധാന്ത വത്കരണത്തിലൂടെ പാര്‍ട്ടിക്ക് അടിവരയിട്ടതും ഇദ്ദേഹം തന്നെയായിരുന്നു.
1960 കളില്‍ കലങ്ങി മറിഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയമാണ് കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പിറവിക്ക് കാരണമായത്. എന്നാല്‍ ഇന്ന് ആ പാര്‍ട്ടിയെ പിളര്‍ത്തിയത് കെ എം മാണി എന്ന അതികായകന്റെ മരണം തന്നെയാണ്.
മാണിയിലെ രാഷ്ട്രീയക്കാരന്‍ നേടിയെടുക്കാത്ത റെക്കോര്‍ഡുകളും ചുരുക്കമായിരുന്നു.ഒരു മണ്ഡലത്തില്‍ നിന്ന് മാത്രം തുടര്‍ച്ചയായി പതിമൂന്ന് തവണ നിയമസഭയിലെത്തിയ നേതാവ്. പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ജൂബലി മാന്‍, രാജ്യത്ത് തന്നെ ഏറ്റവും അധികം തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രി സഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും.
അങ്ങനെ എത്രയെത്ര റെക്കോര്‍ഡുകളാണ് അദ്ദേഹം തന്റെ രാഷ്ട്രീയ യാത്രയില്‍ നേടിയെടുത്തത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു മാണി എന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വിടവാങ്ങിയത്. ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹം ഇല്ല എന്നത് വലിയ നഷ്ടം തന്നെയാണ്.