Share this Article
Latest Business News in Malayalam
പഴംപൊരിക്ക് 18 ശതമാനം ജിഎസ്ടി, ഉയർന്ന നികുതിക്ക് കാരണമറിയാം; ഉണ്ണിയപ്പത്തിന് 5, ചെറുകടികള്‍ ചില്ലറക്കാരല്ല
വെബ് ടീം
13 hours 56 Minutes Ago
1 min read
pazhampori

കൊച്ചി: ചായക്കൊപ്പം ചെറുകടി ഏതെന്ന് ചോദിച്ചാൽ മലയാളികളുടെ ആദ്യ ഉത്തരങ്ങളിലൊന്ന് പഴംപൊരി ആയിരിക്കും.ജില്ലകൾ കടന്നാൽ ഈ സുന്ദരൻ കടിയുടെ പേര് പലതാണ്. ചിലർക്കിത് പഴംബോളി ആണ്.സിനിമയിലാണെങ്കിലോ ഒരാഴ്ചയായി ചില്ലു കൂട്ടിൽ കിടന്നുറങ്ങുന്ന രതീഷ്...(കട്ടപ്പനയിലെ ഋതിക് റോഷൻ)  ! 

ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പഴം പൊരി കഴിച്ചാല്‍ 18 ശതമാനം ജിഎസ്ടി കൂടി നല്‍കണം. ഉണ്ണിയപ്പത്തിനാകട്ടെ അഞ്ചു ശതമാനമാണ് നികുതി. ബേക്കറികളിലാണ് കൂടുതല്‍ നികുതി നല്‍കേണ്ടി വരുന്നത്.

നികുതി ഘടനയില്‍ 'പഴംപൊരി', 'വട', 'അട', 'കൊഴുക്കട്ട' തുടങ്ങിയ പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്ന് ബേക്കേഴ്സ് അസോസിയേഷന്‍ കേരള (ബേക്ക്) വ്യക്തമാക്കുന്നു. ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമെന്‍ക്ലേച്ചര്‍ (HSN) പ്രകാരം ഉല്‍പ്പന്നങ്ങളുടെ വര്‍ഗ്ഗീകരണം മൂലമുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇതിന് കാരണം.

ഓരോ ഇനത്തിനും അനുബന്ധമായ ഒരു HSN കോഡ് ഉണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് നിര്‍ണയിക്കുന്നത്. ലോക കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ആഗോളതലത്തില്‍ HSN കോഡുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും, രാജ്യങ്ങള്‍ക്ക് ഓരോ കോഡിനും അവരുടേതായ നികുതി നിരക്കുകള്‍ നിശ്ചയിക്കാന്‍ കഴിയും. ഇന്ത്യയില്‍, ഈ നിരക്കുകള്‍ തീരുമാനിക്കുന്നതിനുള്ള ഉത്തരവാദിത്തം ജിഎസ്ടി കൗണ്‍സിലിനാണെന്ന് ബേക്ക് പ്രസിഡന്റ് കിരണ്‍ എസ് പാലക്കല്‍ പറയുന്നു.

ഉഴുന്നുവട, പരിപ്പുവട, സവാളവട, ബോണ്ട, അട, കൊഴുക്കട്ട, കട്ലറ്റ്, ബര്‍ഗര്‍, പപ്സ് തുടങ്ങിയവയ്ക്ക് 18 ശതമാനമാണ് ബേക്കറികള്‍ നികുതി ഈടാക്കുന്നത്. അതേസമയം, ചിപ്സ്, പക്കാവട, അച്ചപ്പം, മിക്സ്ചര്‍, കാരസേവ, ശര്‍ക്കര ഉപ്പേരി, പൊട്ടറ്റോ -കപ്പ ചിപ്സുകള്‍ തുടങ്ങിയവയ്ക്ക് 12 ശതമാനമാണ് ജിഎസ്ടി. പാര്‍ട്സ് ഒഫ് വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് എന്നതിനു കീഴിലാണ് പഴംപൊരി വരേണ്ടത്. എന്നാല്‍ കടലമാവ് ഉള്‍പ്പെടെ ഉപയോഗിക്കുന്നതിനാലാണ് ഉയര്‍ന്ന നികുതി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories