മുംബൈ: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ശനിയാഴ്ച ഓഹരി വിപണിയില്‍ പ്രത്യേക വ്യാപാരം സംഘടിപ്പിക്കും. പതിവ് വിപണി സമയമായ രാവിലെ 9.15 മുതല്‍ ഉച്ചകഴിഞ്ഞ് 3.30വരെ ഇടപാട് നടത്താം. കമ്മോഡിറ്റി ഡെറിവേറ്റീവ് ഇടപാടുകളുടെ സമയം വൈകീട്ട് അഞ്ച് വരെയാണ്.തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് സാധാരണ ഓഹരി വിപണി പ്രവര്‍ത്തിക്കാറുള്ളത്. ഇതിന് മുമ്പ് 2015ലും 2020ലും സമാനമായ ഇടപാട് വിപണിയില്‍ നടന്നിട്ടുണ്ട്. ഈ വര്‍ഷങ്ങളിലെ ബജറ്റ് ശനിയാഴ്ചയായിരുന്നു. നികുതി പരിഷ്‌കാരങ്ങള്‍, വിവിധ സെക്ടറുകളലിയേക്കുള്ള വിഹിതം എന്നിവയോട് നിക്ഷേപകര്‍ക്ക് തത്സമയം പ്രതികരിക്കാന്‍ അവസരം നല്‍കുന്നതിനാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 13 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. ബജറ്റിലെ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയശേഷം മാര്‍ച്ച് 10-ന് സമ്മേളനം പുനരാരംഭിക്കും. ഏപ്രില്‍ നാലു വരെ തുടരും. ബജറ്റ് സമ്മേളനം മൊത്തം 27 ദിവസമാണ് ക്രമീകരിച്ചിരിക്കുന്നത്. മുമ്പ് ബജറ്റ് അവതരിപ്പിക്കപ്പെട്ട ശനിയാഴ്ചകളായ 2015 ഫെബ്രുവരി 28, 2020 ഫെബ്രുവരി ഒന്ന് തീയതികളിലും ഓഹരി വിപണികൾ പ്രവർത്തിച്ചിരുന്നു.
ബജറ്റിന് മുമ്പേ കഴിഞ്ഞ 4 ദിവസത്തെ നേട്ടത്തിലൂടെ സെൻസെക്സ് ഉയർന്നത് 2,100 പോയിന്റോളം. ഇന്നു നിഫ്റ്റി 258 പോയിന്റ് (+1.11%) ഉയർന്ന് 23,508ലും സെൻസെക്സ് 740 പോയിന്റ് (+0.97%) മുന്നേറി 77,500ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റിൽ നിർമല സീതാരാമൻ മൂലധന നേട്ടനികുതി (എൽടിസിജി/എസ്ടിസിജി), ഓഹരി കൈമാറ്റനികുതി (എസ്ടിടി) എന്നിവയിൽ മാറ്റംവരുത്തുമോ എന്നാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. ആദായനികുതിയിൽ ആകർഷക ഇളവുകളും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.തുടർച്ചയായ 8-ാം ബജറ്റ് അവതരണത്തിനാണ് ധനമന്ത്രി നിർമല സീതാരാമൻ ഒരുങ്ങുന്നത്. ഇത് റെക്കോർഡുമാണ്.