ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തിനിടെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ തിരിച്ചുവരവുമായി രൂപ. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപ 63 പൈസയുടെ നേട്ടമാണ് കൈവരിച്ചത്. ഡോളറിനെതിരെ 86.82ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.ബാങ്കുകള്‍ കൈവശമുള്ള ഡോളര്‍ വിറ്റഴിച്ചതാണ് രൂപയ്ക്ക് കരുത്തായത്. താരിഫ് യുദ്ധ ഭീഷണിയെ തുടര്‍ന്ന് ഇന്നലെ രൂപ 88ലേക്ക് കൂപ്പുകുത്തിയിരുന്നു. 45 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. എന്നാല്‍ ഉച്ചക്കഴിഞ്ഞ് തിരിച്ചുവന്ന രൂപ ഇന്നലെ 87.45ലാണ് ക്ലോസ് ചെയ്തത്. ഇന്നലെ വ്യാപാരത്തിന്റെ അവസാനം ഉണ്ടായ മുന്നേറ്റം ഇന്ന് രൂപ തുടരുകയായിരുന്നു.
ഡോളര്‍ ഒന്നിന് 87.45 എന്ന നിലയിലാണ് രൂപ ഇന്ന് വിനിമയം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 86.61 ലേക്ക് കുതിച്ചുയര്‍ന്ന രൂപ 86.82ല്‍ ക്ലോസ് ചെയ്യുകയായിരുന്നു. 2023 മാര്‍ച്ച് മൂന്നിനാണ് ഇതിന് മുന്‍പ് രൂപ ഒറ്റദിവസം ഇത്രയുമധികം ഉയര്‍ന്നത്. അന്നും 63 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്.ആര്‍ബിഐയുടെ ഇടപെടലാണ് രൂപയ്ക്ക് കരുത്ത് പകര്‍ന്നതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അമേരിക്കയില്‍ നിന്നുള്ള വ്യാപാര താരിഫ് ഭീഷണിയുമാണ് രൂപയെ ബാധിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഇടപെടല്‍ ആര്‍ബിഐയുടെ ഭാഗത്ത് നിന്ന് ഇനിയും ഉണ്ടായാല്‍ രൂപയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.
അതിനിടെ സെന്‍സെക്‌സ് 1018 പോയിന്റ് നഷ്ടത്തോടെ 76,293ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയ്ക്ക് 309 പോയിന്റിന്റെ നഷ്ടമാണ് ഉണ്ടായത്. 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് തൊട്ടുമുകളിലാണ് നിഫ്റ്റി.
അതേസമയം സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. പവന് 640 രൂപയാണ് ഇന്ന് രാവിലെ കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2000ലധികം രൂപയാണ് പവന് വര്‍ധിച്ചത്.