ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഇപിഎഫ് ( എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്) പദ്ധതി പ്രകാരം ജോലിക്കാർക്ക് ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ജീവിതം സുരക്ഷിതമാക്കാൻ പിഎഫ് നിക്ഷേപത്തിലൂടെ സാധിക്കുന്നതാണ്. ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളത്തിൽ നിന്നും നിശ്ചിത ശതമാനമാണ് പിഎഫ് ആയി പിടിക്കാറുള്ളത്.അത്യാവശ്യ സന്ദർഭങ്ങളിലും പിഎഫ് ഉപകരിക്കും. ഇതിൽ നിന്നും നമുക്ക് പണം എടുക്കാവുന്നതാണ്. എന്നാൽ പിഎഫിൽ നിന്നും പണം എടുക്കുക അത്ര എളുപ്പമല്ലായിരുന്നു ഇതുവരെ. രേഖകൾ എല്ലാം നൽകി അപേക്ഷിച്ച് ഒരാഴ്ചയോളം കാത്തിരിക്കേണ്ടി വരും. എന്നാൽ പിഎഫിൽ നിന്നും പണം പിൻവലിക്കാനുള്ള മാർഗ്ഗം ഇപ്പോൾ എളുപ്പമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഇതിന്റെ ഭാഗമായി പിഎഫ് ക്ലെയിം യുപിഐ പ്ലാറ്റ്‌ഫോം മുഖേന പ്രോസസ് ചെയ്യുന്ന പുതിയ പദ്ധതിയ്ക്ക് തുടക്കം ഇടാനാണ് ഇപിഎഫ്ഒ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട രൂപരേഖയും കേന്ദ്രസർക്കാർ തയ്യാറാക്കി കഴിഞ്ഞു.കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇപിഎഫ് പുതിയ പദ്ധതിയ്ക്ക് ആസൂത്രണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചർച്ചകൾ നടത്തിവരികയാണ്. ഇത് സാദ്ധ്യമായാൽ ഇനി യുപിഐ വഴി പണം പിൻവലിക്കാം. യുപിഐയുമായി ഇപിഎഫ് ലിങ്ക് ചെയ്യുകയാണ് ഇതിന്റെ ആദ്യപടി. ശേഷം ഡിജിറ്റൽ വാലറ്റിലൂടെ ക്ലെയിം തുക എളുപ്പത്തിൽ നേടാം.വാണിജ്യ ബാങ്കുകളുമായും റിസർവ്വ് ബാങ്കുമായും സഹകരിച്ചാണ് ഇപിഎഫ്ഒ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
പെൻഷൻ സേവനങ്ങൾ എളുപ്പമുള്ളതാക്കാൻ നിരവധി പരിഷ്‌കാരങ്ങൾ ഇപിഎഫ്ഒ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുപിഐ വഴി പണം പിൻവലിക്കുന്നതിനുള്ള സേവനവും ഉപഭോക്താക്കൾക്ക് നൽകുന്നത്.