Warren Buffett's Top 3 Strategies for Investing in a Market Downturn: അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കകൾ ശക്തമാകുമ്പോൾ ഓഹരി വിപണി താഴേക്ക് പതിക്കുകയാണ്. ഈ സാഹചര്യത്തിൽ, നിക്ഷേപകർക്ക് രക്ഷാമാർഗ്ഗവുമായി എത്തുന്നത് ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ സ്ഥാപകനും നിക്ഷേപ ലോകത്തെ ഇതിഹാസവുമായ വാറൻ ബഫറ്റിന്റെ നിക്ഷേപ തന്ത്രങ്ങളാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് യുദ്ധം വാൾസ്ട്രീറ്റിനെ പിടിച്ചുലച്ചതിനെത്തുടർന്ന് എസ് & പി 500, നാസ്ഡാക്ക്, ഡൗ ജോൺസ് ഫ്യൂച്ചറുകൾ എന്നിവ കൂപ്പുകുത്തി താഴേക്ക് പതിച്ചു. ഇത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെയും സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുകയും, സാമ്പത്തിക മാന്ദ്യത്തിലേക്ക് വരെ കൊണ്ടെത്തിക്കാനും സാധ്യതയുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ വാറൻ ബഫറ്റിന്റെ നിക്ഷേപ തന്ത്രങ്ങൾ നിങ്ങൾക്ക് ഒരു വഴികാട്ടിയാകും.
സ്ഥിരതയില്ലാത്ത ഈ വിപണിയിലും എങ്ങനെ വിജയം നേടാമെന്ന് വാറൻ ബഫറ്റ് പഠിപ്പിച്ച 3 തന്ത്രങ്ങൾ ഇതാ:
1. ഓഹരി വിലയിലെ മാറ്റങ്ങളിലല്ല, കമ്പനിയുടെ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധിക്കുക:
ഓഹരി വിപണിയിലെ ദിവസേനയുള്ള ചാഞ്ചാട്ടങ്ങളിൽ ശ്രദ്ധിക്കാതെ, ഒരു കമ്പനിയുടെ യഥാർത്ഥ മൂല്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വാറൻ ബഫറ്റ് എപ്പോഴും നിക്ഷേപകരെ ഉപദേശിക്കുന്നത്. ഓഹരി വിലകൾ ഹ്രസ്വകാലത്തേക്ക് താഴേക്ക് പോയേക്കാം. എന്നാൽ ശക്തമായ അടിസ്ഥാനമുള്ള കമ്പനികൾ, മികച്ച മത്സരശേഷിയുള്ള ബിസിനസ്സുകൾ, നല്ല മാനേജ്‌മെന്റ് ടീം എന്നിവയുള്ള ഓഹരികൾ കാലക്രമേണ തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണ്.
വാറൻ ബഫറ്റ് എപ്പോഴും പറയാറുണ്ട്, "ഒരു ബിസിനസ്സ് നന്നായി മുന്നോട്ട് പോയാൽ, ഓഹരി വില അതിനെ പിന്തുടരും." വിപണിയിലെ താൽക്കാലികമായ ഇടിവുകൾ ചിലപ്പോൾ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയേക്കാം. പക്ഷേ ചരിത്രം പരിശോധിച്ചാൽ പ്രതിരോധശേഷിയുള്ള കമ്പനികൾ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. ഓഹരി വിപണിയിലെ സ്ഥിരതയില്ലാത്ത അവസ്ഥയിൽ പരിഭ്രാന്തരാകാതെ, ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്തുന്നവർക്ക് ഇത് വലിയ നേട്ടങ്ങൾ നൽകും.
2. മറ്റുള്ളവർ അത്യാഗ്രഹികളാകുമ്പോൾ ഭയപ്പെടുക, മറ്റുള്ളവർ ഭയപ്പെടുമ്പോൾ അത്യാഗ്രഹികളായിരിക്കുക!
ഓഹരി വിപണിയിൽ മാന്ദ്യം ഉണ്ടാകുമ്പോൾ ക്ഷമയോടെ കാത്തിരിക്കുന്ന നിക്ഷേപകർക്ക് ഇത് പുതിയ വാങ്ങൽ അവസരങ്ങൾ നൽകുന്നു. വിപണിയിൽ ഭയം കാരണം ഓഹരികൾ വിറ്റഴിക്കുമ്പോൾ, ഗുണമേന്മയുള്ള ഓഹരികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതാണ് ബഫറ്റിന്റെ പ്രധാന തന്ത്രം.
"ഒമാഹയുടെ ഒറാക്കിൾ" എന്ന് അറിയപ്പെടുന്ന വാറൻ ബഫറ്റ്, ഓഹരി വിപണിയിൽ ആളുകൾ പരിഭ്രാന്തരായി ഓഹരികൾ വിൽക്കുമ്പോൾ കൂടുതൽ നിക്ഷേപം നടത്താറുണ്ട്. സാമ്പത്തിക മാന്ദ്യം വിപണിയിൽ നിന്ന് പിന്മാറാനുള്ള സമയമായി പലരും കാണുമ്പോൾ, ബഫറ്റ് അതിനെ ഒരു സുവർണ്ണാവസരമായി ഉപയോഗിക്കുന്നു. ദീർഘകാലം കാത്തിരുന്ന് നിക്ഷേപം നടത്തുന്നതിന്റെ മൂല്യം ബഫറ്റിന്റെ വിജയം നമ്മുക്ക് കാണിച്ചുതരുന്നു. അനിശ്ചിതത്വങ്ങൾക്കിടയിൽ തന്നെയാണ് പലപ്പോഴും മികച്ച അവസരങ്ങൾ ഒളിഞ്ഞുകിടക്കുന്നത്. ക്ഷമയോടെയും ദീർഘവീക്ഷണത്തോടെയും കാത്തിരിക്കുന്ന നിക്ഷേപകർക്ക് ഇതിലൂടെ മികച്ച നേട്ടം കൊയ്യാൻ സാധിക്കും.
3. നിങ്ങൾ എന്താണ് വാങ്ങുന്നത്? എന്തിനാണ് വാങ്ങുന്നത്? എന്ന് സ്വയം ചോദിച്ച് മനസ്സിലാക്കുക.
നിങ്ങൾ എന്ത് ഓഹരിയാണ് വാങ്ങുന്നത്? എന്തിനാണ് ആ ഓഹരി വാങ്ങുന്നത്? ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ഒരു ബിസിനസ്സിനെക്കുറിച്ച് ശരിയായി മനസ്സിലാക്കാതെ നിക്ഷേപം നടത്തുന്നത് നഷ്ടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് ബഫറ്റ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കമ്പനികളുടെ സാമ്പത്തിക സ്ഥിതി, വിപണിയിലെ സ്ഥാനം, വളർച്ചാ സാധ്യതകൾ എന്നിവയെക്കുറിച്ച് പഠിക്കാതെ, കണ്ണടച്ച് ഓഹരികളെ പിന്തുടരുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമാകും.
"നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അറിയാത്തതാണ് ഏറ്റവും വലിയ അപകടം," എന്ന് ബഫറ്റ് പറയുന്നു. പരിചയസമ്പന്നരായ നിക്ഷേപകർക്ക് പോലും ചില സമയങ്ങളിൽ തെറ്റുകൾ സംഭവിക്കാം. ഡെക്സ്റ്റർ ഷൂസിൽ 433 മില്യൺ ഡോളർ നിക്ഷേപം നടത്തിയതിനെക്കുറിച്ച് ബഫറ്റ് തന്നെ പിന്നീട് ഖേദിച്ചു. അതൊരു വലിയ തെറ്റായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു.
2007-ൽ ഓഹരി ഉടമകൾക്ക് എഴുതിയ കത്തിൽ ബഫറ്റ് ഇങ്ങനെ പറഞ്ഞു, "ഇതുവരെ ഞാൻ ചെയ്തതിൽ വെച്ച് ഏറ്റവും മോശം നിക്ഷേപമാണ് ഡെക്സ്റ്റർ. പക്ഷേ, ഭാവിയിൽ ഇനിയും തെറ്റുകൾ സംഭവിക്കില്ലെന്ന് എനിക്ക് ഉറപ്പ് തരാൻ കഴിയില്ല."
ഈ അനുഭവത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ട പാഠം ഇതാണ്, പ്രത്യേകിച്ച് ഓഹരി വിപണിയിൽ സ്ഥിരതയില്ലാത്ത സാഹചര്യങ്ങളിൽ, നിക്ഷേപം നടത്തുന്നതിന് മുൻപ് ആഴത്തിലുള്ള പഠനവും, കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഉണ്ടായിരിക്കണം. വാറൻ ബഫറ്റിന്റെ അടിസ്ഥാന തത്വം ഇതാണ് - കൃത്യമായ ഗവേഷണം നടത്തുക, ശക്തമായ അടിസ്ഥാനമുള്ള ഓഹരികൾ തിരഞ്ഞെടുക്കുക, ദീർഘകാലത്തേക്ക് ക്ഷമയോടെ കാത്തിരിക്കുക.
നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങൾ നൽകുന്നതിന് വേണ്ടി മാത്രമാണ്. ഓഹരി വിപണിയിലെ നിക്ഷേപം സാമ്പത്തികപരമായ അപകടസാധ്യതകൾ നിറഞ്ഞതാണ്. നിങ്ങളൊരു നിക്ഷേപം തുടങ്ങുന്നതിന് മുൻപ് സാമ്പത്തിക കാര്യങ്ങളിൽ അറിവുള്ള ഒരാളുമായി ആലോചിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കുക. ഈ ലേഖനത്തിലെ വിവരങ്ങൾ ആരെയും നിക്ഷേപം ചെയ്യാൻ പ്രേരിപ്പിക്കുന്നില്ല. നിങ്ങളുടെ നിക്ഷേപത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രമായിരിക്കും. ഈ വിവരങ്ങൾക്ക് രചയിതാവോ അല്ലെങ്കിൽ 'കേരളവിഷൻ ന്യൂസ് ഡോട്ട് കോമോ' ഉത്തരവാദിയായിരിക്കില്ല.