ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് ആരാധക ശ്രദ്ധ നേടിയത്. സ്ഫോടനാത്മക ബാറ്റിംഗും, കൃത്യതയാർന്ന ബൗളിംഗും, അസാമാന്യ ഫീൽഡിംഗും അദ്ദേഹത്തെ ടീമിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റി. 2016-ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ഈ യുവ താരം, ഇന്ന് ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ നായകനാണ്. കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന ഹാർദിക് പാണ്ഡ്യ ഇന്ന് ക്രിക്കറ്റിലൂടെയും പരസ്യങ്ങളിലൂടെയും കോടികൾ സമ്പാദിക്കുന്നു.
ലളിതമായ ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹത്തിന്റെ ഇന്നത്തെ ആഢംബര ജീവിതം പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ, ഹാർദിക് പാണ്ഡ്യയുടെ വാച്ച് ശേഖരത്തിലെ ചില മോഡലുകളാണ് പുതിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.
പ്രമുഖരായ ക്രിക്കറ്റ് താരങ്ങൾക്കും, ബിസിനസ്സുകാർക്കും, സെലിബ്രിറ്റികൾക്കുമെല്ലാം ആഢംബര വാച്ചുകൾ ശേഖരിക്കുന്നത് ഒരു ഹോബിയാണ്. ചിലർക്ക് ഇത് സ്റ്റാറ്റസ് സിംബൽ ആണെങ്കിൽ മറ്റു ചിലർക്ക് ഇതൊരു നിക്ഷേപം കൂടിയാണ്. ആഢംബര വസ്ത്രങ്ങളിലും അനുബന്ധ വസ്തുക്കളിലും താൽപ്പര്യമുള്ള വ്യക്തിയാണ് ഹാർദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ വാച്ച് ശേഖരം തന്നെ ഇതിന് ഉദാഹരണമാണ്.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഹാർദിക് പാണ്ഡ്യയുടെ പാടെക് ഫിലിപ്പ് (Patek Philippe) എന്ന ആഢംബര വാച്ചാണ്. റോസ് ഗോൾഡ് ബ്രൗൺ നിറത്തിലുള്ള ഈ വാച്ചിന്റെ മോഡൽ ‘നോട്ടിലസ്’ (Nautilus) ആണ്. ഏകദേശം 6.78 മില്യൺ ഡോളറാണ് ഈ വാച്ചിന്റെ വില. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 60 കോടി രൂപ വരും.
ഇതിനോടൊപ്പം തന്നെ റോൾക്സ് GMT മാസ്റ്റർ - 2 (ROLEX GMT MASTER - 2) എന്ന വാച്ചും ചർച്ചകളിൽ നിറയുന്നുണ്ട്. 3.8 മില്യൺ ഡോളറാണ് ഈ വാച്ചിന്റെ വില, അതായത് ഏകദേശം 33 കോടി രൂപ. ഈ രണ്ട് വാച്ചുകളുടെയും വില ഏകദേശം 11 മില്യൺ ഡോളർ വരും, ഇത് ഇന്ത്യൻ കറൻസിയിൽ 93 കോടി രൂപയാണ്.
ഇത്രയും വിലകൂടിയ വാച്ചുകളെക്കുറിച്ച് അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ പലതരം പ്രതികരണങ്ങൾ ഉയർന്നു വരുന്നുണ്ട്. ഒരു ഉപയോക്താവ് കമന്റ് ചെയ്തത്, ഇത്രയും പണമുണ്ടെങ്കിൽ ഒരു സൂപ്പർകാർ വാങ്ങാമെന്നാണ്. മറ്റൊരാൾ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിന്റെ ആസ്തിയേക്കാൾ കൂടുതലാണ് ഈ വാച്ചിന്റെ വിലയെന്ന് അഭിപ്രായപ്പെട്ടു. പാകിസ്ഥാന്റെ മൊത്തം ജിഡിപിക്ക് തുല്യമാണ് ഈ വാച്ചിന്റെ വിലയെന്ന് വരെ ചിലർ തമാശ രൂപേണ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.
ഇതിനു മുൻപ്, 2017-ലെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിജയിച്ചതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ ധരിച്ച വാച്ചും ശ്രദ്ധ നേടിയിരുന്നു. റിച്ചാർഡ് മില്ലെ (Richard Mille) RM 27 എന്ന മോഡൽ വാച്ചായിരുന്നു അന്ന് താരം ധരിച്ചത്. ഏകദേശം 6.92 കോടി രൂപയാണ് ഈ ലിമിറ്റഡ് എഡിഷൻ വാച്ചിന്റെ വില. ലോകത്ത് ആകെ 50 എണ്ണം മാത്രമാണ് ഈ മോഡൽ വാച്ചുകൾ നിർമ്മിച്ചിട്ടുള്ളത്.
ഈ വാച്ചിന്റെ പ്രധാന പ്രത്യേകത അതിന്റെ നിർമ്മാണ രീതിയാണ്. കാർബൺ ഫൈബർ കൊണ്ടാണ് ഈ വാച്ചിന്റെ പുറംഭാഗം നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഉയർന്ന വൈബ്രേഷനുകളെ പ്രതിരോധിക്കാൻ ഇതിന് കഴിയും. ഗ്രേഡ് 5 ടൈറ്റാനിയം കൊണ്ടാണ് വാച്ചിന്റെ ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത്. ഇത് വാച്ചിന് ഭാരം കുറയ്ക്കുവാൻ സഹായിക്കുന്നു.
ഗ്ലാസ് ഭാഗത്ത് ആന്റി-ഗ്ലെയർ ക്രിസ്റ്റൽ ഉപയോഗിച്ചിരിക്കുന്നതിനാൽ പോറലുകൾ എളുപ്പത്തിൽ ഏൽക്കില്ല. 70 മണിക്കൂർ വരെ പവർ റിസർവ് ഉള്ള ഈ വാച്ച് ആഡംബര വാച്ച് വിപണിയിലെ സാങ്കേതിക വിദ്യയുടെ വിസ്മയങ്ങളിൽ ഒന്നുതന്നെയാണ്.
ഇങ്ങനെ ആഢംബര വാച്ചുകളുടെ ഒരു വലിയ ശേഖരം തന്നെ ഹാർദിക് പാണ്ഡ്യക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ശേഖരത്തിലെ ഓരോ വാച്ചുകളും വിലയിലും രൂപകൽപ്പനയിലും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.