കേരളത്തിന്റെ സാമൂഹിക മാറ്റങ്ങളുടെ തുടക്കം എന്ന് പറയുന്നത് അച്ചടിയിലൂടെയായിരുന്നു. മലയാള അച്ചടിയ്ക്ക് അടിത്തറയിട്ടയാളാണ് ബെഞ്ചമിന്‍ ബെയ്‌ലി. അദ്ദേഹത്തിന്റെ ഓര്‍മദിനമാണിന്ന്.
മലയാളം അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്ന ബെയ്ലി ഒരു ഇംഗ്ലീഷ് മിഷണറി ആയിരുന്നു.മിഷന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തിയ അദ്ദേഹം മലയാള ഭാഷയ്ക്ക് വിലമതിയ്ക്കാനാകാത്ത സംഭാവനകളാണ് നല്‍കിയത്.
ബെയ്‌ലിയും കുടുംബവും കോട്ടയത്തെത്തുകയും പഴയ സെമിനാരിയില്‍ താമസമാക്കുകയും പഠിത്തവീട് എന്നറിയപ്പെട്ടിരുന്ന അതേ സെമിനാരിയില്‍ പ്രധാനഅധ്യാപകനാവുകയും ചെയ്തു. മലയാളം പഠിച്ചുതുടങ്ങിയ കാലത്ത് തന്നെ അദ്ദേഹം ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു തുടങ്ങിയിരുന്നു.
തുടര്‍ന്ന് വിവര്‍ത്തനം പൂര്‍ത്തിയായപ്പോഴാണ് അച്ചടി വലിയ പ്രശ്‌നമായത്. മലയാള അച്ചടിശാലകള്‍ അന്നുണ്ടായിരുന്നില്ല. അങ്ങനെ ഇംഗ്ലണ്ടില്‍ നിന്നു പ്രസ്സും മദ്രാസില്‍ നിന്ന് അച്ചടികളും വരുത്തി. എന്നാല്‍ പ്രസ് എത്താന്‍ താമസം നേരിട്ടതോടെ അദ്ദേഹം സ്വയം അച്ചടിയന്ത്രം ഉണ്ടാക്കാന്‍ തീരുമാനിച്ചു.
അങ്ങനെയാണ് കോട്ടയത്ത് അച്ചടിപ്പുര സ്ഥാപിതമായത്.തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്ന് എത്തിച്ച പ്രസ്സും ഉപയോഗിച്ചു. മലയാളം അച്ചുകള്‍ സ്വയം രൂപപ്പെടുത്തുന്നതിനും അദ്ദേഹം തയ്യാറായി. തുടര്‍ന്ന് ബെയ്‌ലി ഇംഗ്ലണ്ടിലേക്ക് മടങ്ങിപോവുകയും 1871 ഏപ്രില്‍ 3ന് അന്തരിക്കുകയും ചെയ്തു.