സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്‌മാന് ഇന്ന് 57-ാം ജന്മദിനം. ഓരോപാട്ടുകളിലൂടെയും കേള്‍വിക്കാരെ പുതിയ ഈണങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച സംഗീത മാന്ത്രികന്റെ ജന്മദിനം ആരാധകര്‍ സംഗീത സാന്ദ്രമായി ആഘോഷമാക്കുകയാണ്.
അര്‍ത്ഥമില്ലാത്ത വെറും ശബ്ദങ്ങള്‍ക്കുപോലും സംഗീതാത്മകമായ അര്‍ത്ഥങ്ങള്‍ നല്‍കി റഹ്‌മാന്‍ സംഗീതമെന്ന സ്വന്തം ശൈലിയുണ്ടാക്കിയെടുത്ത മഹാപ്രതിഭ.. അതാണ് ഇന്ത്യയുടെ എ ആര്‍ റഹ്‌മാന്‍.മൂന്ന് പതിറ്റാണ്ടുകളായി സംഗീത സംവിധാന രംഗത്ത് മുന്‍നിരയിലാണ് എ ആര്‍ റഹ്‌മാന്റെ സ്ഥാനം. ഇന്ത്യന്‍ സിനിമയില്‍ നിന്ന് മാത്രമല്ല, സ്ലം ഡോഗ് മില്യണയര്‍ എന്ന ഹോളുവുഡ് സിനിമയിലൂടെ ഇന്ത്യയെ ഓസ്‌കാറിന് മുന്നില്‍ ഉയര്‍ത്താനും റഹ്‌മാനെന്ന സംഗീതജ്ഞന് സാധിച്ചിട്ടുണ്ട്.
സ്വയം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ഗാനങ്ങളാണ് റഹ്‌മാന്‍ ഏറെയും ആലപിക്കാറുള്ളത്. സംഗീത് ശിവന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ യോദ്ധയിലൂടെയായിരുന്നു സംഗീത സംവിധായകനായി റഹ്‌മാന്റെ അരങ്ങേറ്റം.
എന്നാല്‍ പിന്നീട് അദ്ദേഹത്തിന് മലയാളത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. തമിഴിലും ഹിന്ദിയിലും റഹ് മാനിയ പടര്‍ന്നുപിടിച്ചു. 1992ല്‍ മണിരത്നത്തിന്റെ റോജാ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീത ലോകത്ത് അദ്ദേഹം ശ്രദ്ധേയനായത്.
1967ല്‍ തമിഴ്നാട്ടിലാണ് റഹ്‌മാന്റെ ജനനം. അന്തരിച്ച സംഗീത സംവിധായകന്‍ ആര്‍.കെ ശേഖറിന്റെ മകനാണ്.അച്ഛന്റെ സംഗീത പാരമ്പര്യമാണ് റഹ്‌മാനെ സംഗീതത്തിന്റെ വഴികളിലേക്ക് നയിച്ചത്. ഇന്ത്യയില്‍ മാത്രമല്ല ലോക സിനിമയിലും റഹ്‌മാന്‍ അതികായനായ സംഗീതജ്ഞനാണ്. 2017 ല്‍ സ്വന്തം സംവിധാനത്തിലൊരുക്കിയ ലേ മസ്‌കിലൂടെ സംഗീത രംഗത്ത് മാത്രമല്ല തനിക്ക് പ്രാഗത്ഭ്യമെന്ന് അദ്ദേഹം തെളിയിച്ചു. റഹ്‌മാന്‍ സംഗീതം എന്നെന്നും കാതുകള്‍ക്ക് ഇമ്പമേകുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.