Share this Article
News Malayalam 24x7
സാരംഗ് പാടുകയാണ് ... സംഗീതം അതിജീവനത്തിനുള്ള മരുന്നാക്കി
Sarang is singing ... Music has become a medicine for survival

വിധി തീർത്ത വേദനയെ സംഗീതം കൊണ്ട് അതിജീവിക്കുകയാണ് കോഴിക്കോട് മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സാരംഗ് രാജീവൻ. ജനിച്ചതിന്റെ മൂന്നാം നാൾ തൊട്ട് ഇതുവരെയായി തന്റെ ശാരീരിക അവശത മറികടക്കാൻ അഞ്ച് ശസ്ത്രക്രിയകൾ കാണാം 12 വയസ്സുകാരനായ സാരംഗ് വിധേയനായത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആ വേദന മറന്ന് പാടി സാരംഗ് വിജയം കൊയ്തപ്പോൾ അത് മറ്റുള്ളവർക്കുള്ള പ്രചോദനം കൂടിയായി മാറി. 

കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ 12-ാം വേദിയായ ജവഹർ ബാലഭവനകത്തെ അരങ്ങിൽ  തന്റെ കുഞ്ഞു ശരീരത്തിനകത്തെ വേദന മറന്ന് സാരംഗ് പാടുകയാണ്. എല്ലാം മറന്നുള്ള മകന്റെ ഗാനാലാപനം മൊബൈലിൽ പകർത്തുമ്പോൾ അച്ഛൻ രാജീവന്റെ മനസ്സിലേക്ക് ഓടിയെത്തിയത് പഴയ ഓർമ്മകളാണ്. ആറ്റുനോറ്റ് കിട്ടിയ കുഞ്ഞിന് ശാരീരിക അവശത മൂലം അവൻ പിറന്നതിന്റെ മൂന്നാം നാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.

എട്ടാം ക്ലാസുകാരനായ സാരംഗിന് 12 വയസ്സിനിടെ 5 ശസ്ത്രക്രിയകളാണ് നടത്തേണ്ടി വന്നത്. ഇപ്പോഴും തുടരുന്ന ശരീരത്തിനകത്തെ വേദന മറക്കാനാണ് അഞ്ചു വയസു മുതൽ പാടിത്തുടങ്ങിയത്. മകനിൽ സംഗീതാഭിരുചി ഉണ്ടെന്ന് തിരിച്ചറിഞ്ഞാണ് അച്ഛൻ രാജീവനും അമ്മ ഷെറീനയും അവനെ സംഗീതം പഠിപ്പിക്കാൻ തയ്യാറായത്. സാരംഗിന് തൻറെ ശാരീരിക അവശതമറികടക്കാൻ ആറാമത്തെ ശസ്ത്രക്രിയ കൂടി ഉടൻ വേണം. അതിനിടെ കൊല്ലത്തെ കലോത്സവത്തിൽ എത്തി ലളിതഗാനത്തിലും അഷ്ടപദിയിലും അവൻ എ ഗ്രേഡ് സ്വന്തമാക്കി.    ശസ്ത്രക്രിയയ്ക്കായുള്ള കാത്തിരിപ്പിന് കലോത്സവവേദിയിൽ ലഭിച്ച തിളക്കമാർന്ന വിജയം സാരംഗിന് നൽകുന്നത് വലിയ ഊർജ്ജമാണ്.

യാതനകൾ മറന്ന് മകനായി ജീവിതം ഒഴിഞ്ഞുവെച്ച അച്ഛൻ രാജീവൻ മണിക്കുനിക്കും അമ്മ ഷെറീനക്കും മകന്റെ നേട്ടത്തെക്കുറിച്ച് പറയുമ്പോൾ അഭിമാന ബോധം കൊണ്ട് തൊണ്ടയിടറി. വാക്കുകൾ മുഴുമിപ്പിക്കാനാകാതെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

സാരംഗിന്റെ ശസ്ത്രക്രിയകൾക്കായി ആ കുടുംബത്തിന് ഇതുവരെ 50 ലക്ഷത്തിലധികം രൂപയാണ് ചെലവായത്. സന്നദ്ധ സംഘടനകളും സുമനസ്സുകളും കൈത്താങ്ങായി. സംഗീതരംഗത്ത് ഗുരുക്കന്മാരായ രാമചന്ദ്രൻ തരണിയും കെ.പി.അജേഷും നൽകുന്ന പിന്തുണയും സാരംഗിന് വലിയ കരുത്താണ്. ജയരാജ് സംവിധാനം ചെയ്യുന്ന പ്രമദവനം സിനിമയിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും ഈ കൊച്ചുമിടുക്കൻ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. വിധി അവശതകൾ തീർത്ത് ശരീരത്തെ തളർത്താൻ ശ്രമിക്കുമ്പോഴും തളരാത്ത മനസ്സുമായി സംഗീതത്തിലൂടെ കരുത്താർജിക്കുകയാണ് സാരംഗ്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article