മഹാഗായകന് ഇന്ന് 84ആം പിറന്നാള്‍. ആശംസകള്‍ അറിപ്പിച്ച് സംഗീതലോകം, വാക്കുകളൊന്നും മതിയാകില്ല ഗന്ധര്‍വഗാനത്തെ വിശേഷിപ്പിക്കാന്‍. ആറുപതിറ്റാണ്ടായി തലമുറകളെ കൂട്ടിയിണക്കുന്ന സ്വരമാധുര്യത്തിന് ഇന്ന് 84ന്റെ ചെറുപ്പമാണ്.
മൗനം പോലും സ്വരമാകുന്ന വാചാലതയാണ് അദ്ദേഹത്തിന്റെ സംഗീതത്തിന്. നിലയ്ക്കാത്ത നാദം പോലെ ഇടമുറിയാത്ത ഈണം പോലെ ആ സംഗീതം പരന്നൊഴുകി, നിലാവുപോലെ.
സംഗീതത്തിനോ യേശുദാസിനോ അതിര്‍ത്തികളോ അതിര്‍വരമ്പോ ഇല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് മലയാളം കടന്നൊഴുകിയ സംഗീത സപര്യ. അരലക്ഷത്തിലേറെ ഗാനങ്ങള്‍, ഒന്നു കേട്ടാല്‍ അടുത്തതോ അതോ വീണ്ടും ആവര്‍ത്തിക്കണോ എന്നറിയാത്ത മാന്ത്രികത പലര്‍ക്കും പലതായ സംഗീതം.
ഉണര്‍ന്ന് ഉറങ്ങി അവസാനിക്കുന്ന ഒരു ദിവസത്തില്‍ ഗാന്ധര്‍വ ഗീതത്തെ കേള്‍ക്കാതെ കടന്നു പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. അത്രമേല്‍ തെളിയുകയാണ് 84ന്റെ ചെറുപ്പത്തിലും ആ സ്വരം.
ഒന്നു മറ്റൊന്നിന് പകരമാകാത്ത പോലെ ആ മഹാഗായകന്റെ ഈണത്തിന് മുന്നില്‍ ഒന്നിനും പകരം വയ്ക്കാനാകില്ല. നിറനിലാവ് പോലെ ഓണവെയില്‍ പോലെ ഇരുളും വെളിച്ചവും പോലെ പലഭാവങ്ങളില്‍ ആ സംഗീതം ഒഴുകിക്കൊണ്ടേയിരിക്കുന്നു. പ്രണയമായും വിരഹമായും വേദനയായും സംഗീതസാന്നിധ്യമായ യേശുദാസ്. ആയിരം പൂര്‍ണചന്ദ്രനെ കണ്ട മഹാഗായകന് മലയാളത്തിന്റെ സംഗീതാര്‍ച്ചന.